ആയുർവേദത്തിലെ ആരോഗ്യദർശനം
ആയുർവേദത്തിലെ ആരോഗ്യദർശനം ഭാരതീയമായ ആരോഗ്യരക്ഷാപദ്ധതിയും, വിശേഷിച്ച് ഒരു സമഗ്ര ചികിത്സാശാസ്ത്രവുമാണ് ആയുർവേദം. സ്വാസ്ഥ്യം അല്ലെങ്കിൽ ആരോഗ്യാനുഭവം എങ്ങനെ നിലനിർത്താം, സംഗതിവശാൽ വന്നുചേർന്ന രോഗങ്ങളെ എങ്ങനെ ശമിപ്പിക്കാം എന്നീ രണ്ടു ചിന്തകളാണ് ആയുർവേദത്തിന്റെ അടിസ്ഥാന വിചാരധാര. ഇവ ക്രമത്തിൽ സ്വസ്ഥവൃത്തം, ആതുരവൃത്തം എന്നറിയപ്പെടുന്നു. ദേശകാലങ്ങളുടെ മാറ്റമനുസരിച്ച് എങ്ങനെ ജീവിയ്ക്കണം എന്ന് സൂചനകൾ നൽകുകയാണ് സ്വസ്ഥവൃത്തം പ്രാഥമികമായി ചെയ്യുന്നത്. ആതുരവൃത്തമാകട്ടെ, രോഗശമനത്തിനുള്ള വിവിധ ഉപായങ്ങളെ സന്ദർഭമനുസരിച്ച് വിസ്തരിയ്ക്കുന്നു. ഈ രണ്ടു മേഖലകളിലും ആയുർവ്വേദം ഇടപെടുന്നത് കാര്യകാരണബന്ധത്തിലധിഷ്ഠിതമായ യുക്തിചിന്തയുടെ ബലത്തിലാണ്. ശരീരവും മനസ്സും ഒരുപോലെ രോഗത്തിനും ആരോഗ്യത്തിനും അധിഷ്ഠാനമായി, ആധാരമായി, ഇരിയ്ക്കുന്നു. അതിനാൽ ആതുരവൃത്തത്തിലും സ്വസ്ഥവൃത്തത്തിലും ശരീരമെന്നപോലെ മനസ്സും ചർച്ചാവിഷയമാണ്. മനസ്സും ശരീരവും പരസ്പരം ചേർന്നുനിൽക്കുന്ന രണ്ട് തത്വങ്ങളാണ്. അവയുടെ ചേർച്ച ഏറെ കൗതുകകരമാണ്. രണ്ട് തത്വങ്ങൾ എന്ന് സാങ്ക...