ചരകസംഹിതയുടെ പുനർവായനാസാധ്യതകൾ

 ചരകസംഹിതയുടെ പുനർവായനാസാധ്യതകൾ

ഇന്ത്യൻ വൈദ്യശാസ്ത്രമെന്ന നിലയിൽ ഏറെ പ്രശസ്തമാണ്‌ ആയുർവ്വേദം. ലോകത്തിലെ മിക്ക പരമ്പരാഗത വൈദ്യസമ്പ്രദായങ്ങളും കാലത്തിന്റേയും കരുത്താർന്ന അധിനിവേശവൈദ്യത്തിന്റേയും ആക്രമണങ്ങളെ ചെറുക്കാനാവാതെ വിസ്മൃതിയിലാണ്ടപ്പോൾ ആയുർവ്വേദം അതിനുകൂട്ടാക്കാതെ നിലനിൽക്കുന്നു, സജീവമായിത്തന്നെ. ഒട്ടേറെ പ്രശസ്തഗ്രന്ഥങ്ങളിലൂടെയാണ്‌ ആയുർവ്വേദത്തിന്റെ സിദ്ധാന്തങ്ങളും പ്രയോഗങ്ങളും ആവിഷ്കരിയ്ക്കപ്പെട്ടിട്ടുള്ളത്‌. അക്കൂട്ടത്തിൽ വിഷയവൈപുല്യം കൊണ്ടും ആശയഗരിമകൊണ്ടും എക്കാലത്തും ജിജ്ഞാസുക്കളുടെ ശ്രദ്ധ ആകർഷിച്ചിട്ടുള്ളതാണ്‌ ഒന്നാണ്‌ ചരകസംഹിത.  ബി. സി. ഇ രണ്ടാം നൂറ്റാണ്ടിനും സി. ഇ. രണ്ടാം നൂറ്റാണ്ടിനും ഇടയിലാണ്‌ ഇതിന്റെ രചനാകാലം എന്ന്‌ ഏറെക്കുറെ നിർണ്ണയിക്കപ്പെട്ടിരിയ്ക്കുന്നു.  പ്രശസ്തഹൃദ്രോഗചികിത്സകനും വൈദ്യശാസ്ത്ര തത്വചിന്തകനുമായ ഡോ. എം. എസ്‌. വല്യത്താൻ, ശ്രീചിത്ര ഇൻസ്റ്റുറ്റ്യൂട്ടിന്റെ സ്ഥാപക ഡയറക്ടർ, ഈ ഗ്രന്ഥത്തെ പുരസ്ക്കരിച്ചുകൊണ്ട്‌ തയ്യാറാക്കിയ പഠനഗ്രന്ഥം, 'Legacy of Charaka' - ചരക പൈതൃകം- ലോകമെമ്പാടും പരക്കെ വായിക്കപ്പെട്ടത്‌ സമീപകാല ചരിത്രം.   വൈദ്യത്തിന്റെ സാംസ്ക്കാരിക-സാമൂഹിക-സാമ്പദിക മാനങ്ങളേയും ശാസ്ത്രമെന്ന നിലയിൽ പ്രസക്തമായ യുക്തിചിന്ത, ജ്ഞാനോൽപ്പാദനമാർഗ്ഗങ്ങൾ, ആശയങ്ങളുടെ സിദ്ധവൽക്കരണരീതി, ഗവേഷണ രീതി, സംഭാഷണ-സംവേദനമാർഗ്ഗങ്ങൾ എന്നിവയേയും ഏറെ വിപുലമായും സൂക്ഷ്മമായും കൈകാര്യം ചെയ്യുന്ന ഒരു ഗ്രന്ഥമാണ്‌ ചരകസംഹിത.  എട്ടുഭാഗങ്ങളിലായി (സ്ഥാനങ്ങൾ) 120 അധ്യായങ്ങളാണ്‌ ചരകത്തിലുള്ളത്‌.  സംഭാഷണങ്ങളുടെയും സംവാദങ്ങളുടേയും ശൈലിയിലാണ്‌ ഗ്രന്ഥം രചിയ്ക്കപ്പെട്ടിട്ടുള്ളത്‌ എന്ന്‌ സാമാന്യമായി ‌ പറയാം. അത്‌ ചിലപ്പോൾ വൈദ്യഗുരുവായ മഹർഷി ആത്രേയനും അദ്ദേഹത്തിന്റെ ശിഷ്യന്മാരും തമ്മിലുള്ള സംഭാഷണമാകാം.  എന്നാൽ, മറ്റുചിലപ്പോൾ, അതിവിപുലമായ, ഒട്ടേറെ രാജ്യങ്ങളിൽനിന്നുള്ള പണ്ഡിതന്മാർ സംബന്ധിയ്ക്കുന്ന, ഒരു വൈദ്യസഭയുമാകാം. അക്കൂട്ടത്തിൽ,  ചികിത്സാവൃത്തിയുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട ഒരു സംഭാഷണം നടക്കുന്ന അധ്യായമാണ്‌ സൂത്രസ്ഥാനത്തിലെ ഉപകൽപ്പനീയം എന്ന 15-ആം അധ്യായം. 
പഴയ സമ്പ്രദായത്തിൽ, ഗുരുവിനൊപ്പം തന്നെ ജീവിച്ചുകൊണ്ടാണ്‌ പഠനം. ജീവിതവും പഠനവും വേറെവേറെയല്ല എന്നുചുരുക്കം. ശിഷ്യന്മാരുമായുള്ള പതിവുസംഭാഷണത്തിന്റെ ഒരു സായാഹ്നം.  അഗ്നിവേശനാണ്‌ ശിഷ്യന്മാരിൽ പ്രമാണി. ഗുരുവായ ആത്രേയ പുനർവ്വസു അവരോട്‌ പറഞ്ഞു, "നോക്കൂ കുട്ടികളേ, നിങ്ങൾ ഒരു രാജാവിനോ അല്ലെങ്കിൽ അതുപോലെ ധനികനായവനോ ശോധനചികിത്സ നടത്താൻ ഒരുങ്ങുന്നു എന്നുവിചാരിയ്ക്കുക". 

ശോധനചികിത്സ എന്നത്‌ ആയുർവ്വേദത്തിലെ ഒരു സവിശേഷ ചികിത്സയാണ്‌.  പഞ്ചശോധനങ്ങൾ എന്നറിയപ്പെടുന്ന  ഈ രീതിയാണ് പഞ്ചകർമ്മമെന്ന പേരിൽ ഇപ്പോൾ ലോകപ്രശസ്തിയാർജ്ജിച്ചിട്ടുള്ളത്‌ ‌.  രാജാവിനെയും ധനികനേയും പറ്റിയുള്ള പരാമർശനങ്ങൾ അക്കാലത്തെ വ്യവസ്ഥിതിയുടെ ഒരു പ്രതിനിധാനമായി വിചാരിക്കാം. 

ആത്രേയൻ തുടർന്നു,"അങ്ങനെയെങ്കിൽ, ആദ്യംതന്നെ ചെയ്യേണ്ടത്‌ അതിനാവശ്യമായ എല്ലാ സാധനസാമഗ്രികളും വേണ്ടപോലെ ഒരുക്കിവയ്ക്കുക എന്നതാണ്‌‌.  ഇത്‌ ഏതുനിലയ്ക്കുനോക്കിയാലും ഒഴിവാക്കാനാവില്ല‌.  നിങ്ങൾക്കറിയാമല്ലോ, ഒരു ശോധനകർമ്മം ശരിയായി  ചെയ്തുകഴിഞ്ഞാൽ അതിന്റെ തുടർച്ച എന്ന നിലയിൽ പലതും ചെയ്യാനുണ്ട്‌. അതിനുള്ളതെല്ലാം കരുതിയിട്ടുണ്ടാവണം.  ഇനി അതല്ല, ചികിത്സയിൽ ഒരു പിഴവ്‌ പറ്റി എന്നുകരുതുക.  ആ സന്ദർഭത്തിൽ, പറ്റിയ വീഴ്ച ശരിയായി മനസ്സിലാക്കി‌, അതിനുപരിഹാരം ചെയ്യാൻ വേണ്ടകാര്യങ്ങളും കരുതിയിട്ടുണ്ടാകണം. ഒരു വ്യാപത്തണഞ്ഞ നേരത്ത്‌, വളരെപെട്ടെന്ന്‌ ചില മരുന്നുകളും മറ്റും സംഘടിപ്പിക്കുക എന്നത്‌, കയ്യിൽ കാശും കയ്യെത്തുംദൂരത്ത്‌‌ ചന്തയും ഉണ്ടെന്നുവന്നാൽപ്പോലും, അത്ര എളുപ്പമാകണമെന്നില്ല.  അതുകൊണ്ട്‌ വേണ്ടതെല്ലാം ആദ്യമേ കരുതിവയ്ക്കണം." 

ഈ നിർദ്ദേശം  അഗ്നിവേശനിലെ ജിജ്ഞാസുവിനെ തൊട്ടുണർത്തി.  അയാൾ ചോദിച്ചു, "ഗുരുദേവാ, ഒരു സംശയം ചോദിയ്ക്കാൻ അനുവദിച്ചാലും. ചികിത്സ പിഴയ്ക്കുന്നതിനെപ്പറ്റി അങ്ങ്‌ സൂചിപ്പിച്ചുവല്ലോ.  നല്ല ഒരു വൈദ്യൻ ചികിത്സയിലിടപെടുന്നത് നിശ്ചയമായും ഫലം ലഭിയ്ക്കുവാൻ കഴിയുന്ന രീതിയിലാകേണ്ടതല്ലേ ‌?  ശരിയായി പ്രയോഗിച്ച ചികിത്സ സഫലമാകും എന്നതിൽ സംശയമില്ല.  അതിൽ വ്യാപത്തുണ്ടാകുന്നുവെങ്കിൽ പ്രയോഗം എവിടെയോ പിഴവുവന്നു എന്നല്ലേ അതിനർത്ഥം? വ്യാപത്തുണ്ടായാൽ എന്തുചെയ്യണമെന്ന വിഷയത്തെപ്പറ്റിയാണ്‌ അങ്ങിപ്പോൾ പറയാൻ പുറപ്പെടുന്നത്‌.  എന്താണ്‌ അതിനർത്ഥം‌? ഞാൻ മനസ്സിലാക്കിയത്‌ തെറ്റിയോ? ജ്ഞാനിയായ ഒരു വൈദ്യൻ ശരിയായി ചെയ്യുന്ന ഒരു  ചികിത്സയിൽപ്പോലും പിഴപറ്റാമെന്നാണോ? എങ്കിലത്‌ എന്നിൽ‌ ആശ്ചര്യമുളവാക്കുന്നു.  ചികിത്സകൊണ്ട്‌ പ്രയോജനമോ അപകടമോ ഉണ്ടാകുന്ന കാര്യത്തിൽ ഒരു വ്യവസ്ഥയും കൃത്യതയും ഇല്ല എന്നതാണ്‌ സ്ഥിതിയെങ്കിൽ പിന്നെ ജ്ഞാനികളും അജ്ഞാനികളും ആയ വൈദ്യന്മാർ തമ്മിൽ എന്തെങ്കിലും ഭേദമുണ്ടോ? കനിവാർന്ന്‌ ഉപദേശിച്ചാലും" 

തന്റെ ഗുരുവിന്റെ ശാസ്ത്രവൈഭവത്തിലും ചികിത്സാപാടവത്തിലും തെല്ലും സംശയമുള്ളവനല്ല അഗ്നിവേശൻ.  അദ്ദേഹത്തിന്റെ ഒരു പ്രയോഗവും പിഴയ്ക്കുന്നത്‌ അയാൾ കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ അയാളുടെ ആ ചോദ്യത്തിലെ ആശ്ചയം പരമകാഷ്ഠയിലായിരുന്നു. 

ആത്രേയൻ ആ ചോദ്യത്തെ ഒന്നുകൂടി പരിശോധിച്ചു.  ജ്ഞാനിയായ ഒരു വൈദ്യൻ ചെയ്യുന്ന ചികിത്സ പിഴയ്ക്കുന്നതെങ്ങനെയെന്നാണ്‌ അഗ്നിവേശൻ ചോദിയ്ക്കുന്നത്‌. അറിവും സാമർത്ഥ്യവുമുള്ള ഒരു വൈദ്യൻ, ‌ വേണ്ടത്ര മുന്നൊരുക്കങ്ങളോടെ, ചികിത്സ നടത്തുമ്പോൾ അതിലെവിടെയാണ്‌ പിഴവിനിടം? എങ്കിൽ പിന്നെ ജ്ഞാനം‌, പരിചയം, സാമർത്ഥ്യം എന്നതിലെല്ലാം എന്തുകാര്യം? ആരുചികിത്സിച്ചാലും സുനിശ്ചിതമല്ല സിദ്ധി എങ്കിൽ, അതൊരു വ്യവസ്ഥയുമില്ലാത്ത വ്യവഹാരമെങ്കിൽ, ജ്ഞാനവും അജ്ഞാനവും തമ്മിൽ യാതൊരു വിശേഷവുമില്ല എന്നുവരികയില്ലേ?  ഉൾക്കനമുള്ളതാണ്‌‌ ചോദ്യം.  

ശിഷ്യർ കാതോർക്കെ അദ്ദേഹം പറഞ്ഞു, "അഗ്നിവേശ, പ്രസക്തമായ ചോദ്യം തന്നെയാണ്‌ നിന്റേത്‌‌.  അതിനാൽ ശ്രദ്ധിച്ചുകേൾക്കുക.  ശാസ്ത്രസിദ്ധിയും സാമർത്ഥ്യവുമുള്ള ഒരു വൈദ്യന്‌ പ്രയോജനം ലഭിയ്ക്കുമെന്ന്‌ ഉറപ്പാകുംവിധംതന്നെ ചികിത്സിക്കുവാൻ സാധിയ്ക്കും.  അത്‌ നമുക്കുമാത്രമല്ല നമ്മേപ്പോലെ മറ്റുള്ളവർക്കും.  എന്നാൽ പിഴവൊഴിഞ്ഞ ആ പ്രയോഗമെങ്ങനെയെന്ന്‌, അതിന്റെ തികവിൽ, ഉപദേശിയ്ക്കുക എന്നത്‌, അസാധ്യമല്ലെങ്കിലും, അത്ര എളുപ്പമല്ല. മാത്രമല്ല, അത്രയൊക്കെ ആഴത്തിൽ വിഷയം ഗ്രഹിയ്ക്കാനുള്ള ഉത്സാഹം പഠിതാവിന്‌  ഉണ്ടാകുകയും വേണം.  ഇനി പഠിച്ചാൽ തന്നെയും പ്രയോഗത്തിൽ നല്ലപോലെ  മനസ്സിരുത്താനോ അതനുസരിച്ച്‌ ചികിത്സിക്കാനോ ഉള്ള മനസ്ഥൈര്യം പലർക്കുമില്ല.  അതെന്താണങ്ങനെ എന്ന്‌ സംശയിയ്ക്കേണ്ടതില്ല. ‌ ദോഷം ഔഷധം ദേശം കാലം ബലം ശരീരം ആഹാരം സാത്മ്യം സത്വം പ്രകൃതി വയസ്സ്‌ എന്നിവയുടെ അതിസൂക്ഷ്മങ്ങളായ അവസ്ഥാഭേദങ്ങളെനല്ലഹുപോലെ ആലോചിച്ചുറപ്പിച്ചുവേണം ചികിത്സയുടെ ശരിയായ പ്രയോഗം.  അങ്ങനെയുള്ള ചികിത്സയാണ്‌ ഫലമുറപ്പിയ്ക്കുക. ഇതത്ര എളുപ്പമല്ല. ബുദ്ധിയ്ക്ക്‌ ആഴവും തെളിമയുമുള്ള ചികിത്സകർ പോലും ഈ വിഷയത്തിൽ ആകുലചിത്തരാകുന്നത്‌ അസാധാരണമല്ല. അൽപ്പമതികളുടെ കാര്യം പിന്നെ പറയണോ?   അതുകൊണ്ട്‌, അഗ്നിവേശാ, ചികിത്സയുടെ സമ്യക്പ്രയോഗത്തെക്കുറിച്ചും വ്യാപത്സാധ്യതകളെക്കുറിച്ചും നമുക്ക്‌ സംസാരിക്കേണ്ടിയിരിയ്ക്കുന്നു". ‌ 

അഗ്നിവേശന്റെ സംശയത്തെ ഈ ഉത്തരം തൽക്കാലത്തേയ്ക്കെങ്കിലും ശമിപ്പിച്ചു എന്നുകരുതണം. 

സൂക്ഷ്മവായനയിൽ, വൈദ്യവൃത്തിയെ സംബന്ധിച്ച പ്രധാനപ്പെട്ട ചില ആലോചനകൾ‌ ഈ  സംഭാഷണത്തിൽ വെളിപ്പെടുന്നതായി ബോധ്യപ്പെടും. ചികിത്‌സയുടെ ഫലപ്രാപ്തി നിർണ്ണയിയ്ക്കുന്നതിൽ നിർണ്ണയകങ്ങളായ വികൽപങ്ങളിൽ പലതും രോഗത്തെയെന്നപോലെ, ഒരുപക്ഷേ അതിലധികം, രോഗിയെ കേന്ദ്രമാക്കുന്നവയാണ്‌ എന്നതാണ്‌ ഇതിൽ പ്രഥമം. ഇത്‌ ആയുർവ്വേദത്തിന്റെ മൗലികമായ രീതിയാണ്‌.  ഇത്തരം വികൽപങ്ങളുടെ പരിഗണന, അവ വളരെയധികം വ്യക്തിനിഷ്ഠങ്ങളാണെന്ന കാരണത്താൽ, കാര്യങ്ങളെ കുഴമറിയ്ക്കുമെന്നതിൽ സംശയമില്ല.   ഒട്ടേറെ വൈയക്തികഘടകങ്ങളെ പരിഗണിച്ചുകൊണ്ടുള്ള ഇടപെടലുകളിൽ രോഗം അതിനുള്ള ഔഷധം എന്ന മട്ടിലുള്ള ലളിത സമവാക്യങ്ങൾ മതിയാകാതെവരുന്നു.  ഒന്നും ഒന്നും ചേർന്നാൽ രണ്ട്‌ എന്നത്‌ ‌ ചിലപ്പോൾ മൂന്നോ നാലോ ആയി മാറുന്നു. സമുദായ(whole)മെന്നത്‌ അവയവ(parts)ങ്ങളുടെ ആകത്തുകയല്ല എന്നുവരുന്നു.  അവസ്ഥ മാറിക്കൊണ്ടിരിക്കുന്ന ഈ വികൽപ്പങ്ങളുടെ പാരസ്പര്യം സൂക്ഷ്മമായി മനസ്സിലാക്കുവാനുള്ള‌ ക്ലിഷ്ടത ചികിത്സയെ ഏറെ സൂക്ഷ്മതയും ശ്രദ്ധയും വേണ്ട ഒന്നാക്കിമാറ്റുന്നു‌.  മാത്രമല്ല, ഇതെല്ലാം ശരിയായി ചെയ്യാനുള്ള അറിവും പരിശീലനവും എല്ലാ ചികിത്സകന്മാരിലും പ്രതീക്ഷിയ്ക്കരുത്‌ എന്നും ഇവിടെ സൂചനയുണ്ട്‌.  എന്തുകൊണ്ടങ്ങനെ എന്ന ചോദ്യത്തിന്‌ ഉത്തരം ഒന്നിലൊതുങ്ങുകയില്ല. ഒരുപക്ഷേ അതിനുള്ള അവസരം ലഭിയ്ക്കാത്തതാകാം കാരണം. സതതാധ്യയനരൂപിയായ ശ്രദ്ധ ആവേശിയ്ക്കാത്തതുമാകാം. ഈ യാഥാർത്ഥ്യങ്ങളിൽ ഊന്നിനിന്നുകൊണ്ടാണ്‌ ചികിത്സയിൽ വ്യാപത്തുണ്ടാകാനുള്ള സാധ്യതയിൽ ആത്രേയപുനർവ്വസു  അതിജാഗ്രത കാണിയ്ക്കുന്നത്‌.  

ഓരോ ചികിത്സയും സമഗ്രമാകണം എന്നാണ്‌ ആയുർവ്വേദത്തിന്റെ ചിന്ത. അത്‌ ആവുന്നത്ര ശുദ്ധവുമാകണം. ഒരു രോഗത്തിന്റെ ശമനം മറ്റൊരുരോഗത്തിനുള്ള പ്രകോപനമാകാതിരിയ്ക്കുക എന്നതാണ്‌ ചികിത്സയിലെ ശുദ്ധി.  ഇതിന്‌ രോഗസന്ദർഭത്തെ അതിന്റെ മൗലികതയിലും പൂർണ്ണതയിലും മനസ്സിലാക്കാനാകണം. ചികിത്സാസമീപനത്തിന്റെ നിർമ്മിതിയിലും പ്രയോഗത്തിലും രോഗബാധിതനായ വ്യക്തി കേന്ദ്രസ്ഥാനത്തുണ്ടാകണം. സിദ്ധാന്തപരമായി ഇതാണ്‌ ഉത്തമ‌മാതൃക.  എന്നാൽ പ്രയോഗത്തിൽ ഇതത്ര എളുപ്പമല്ല, സാധുവല്ല, എന്നും ഈ സംഭാഷണം നമ്മോട്‌ പറയുന്നുണ്ട്‌. എല്ലാ വൈദ്യന്മാരും ഒരുപോലെ ജ്ഞാനവൈഭവവും കർമ്മസാമർത്ഥ്യവും ഉള്ളവരാകണമെന്നില്ല എന്നതുമാത്രമല്ല, സാമാന്യമായ ചില ചട്ടക്കൂടുകൾക്കകത്തുനിന്നുകൊണ്ടല്ലാതെ ചികിത്സ എന്ന  വ്യവഹാരത്തെ വ്യവസ്ഥപ്പെടുത്തുക സാധ്യമല്ല എന്ന യാഥാർത്ഥ്യം കൂടിയാണ്‌ ഇവിടെ മുഖ്യപ്രതിബന്ധകം. ഏതുകാലത്തും വ്യക്ത്യധിഷ്ഠിതമായ മികവും ഇകവും ചികിത്സകൻമാർക്കിടയിൽ ഉണ്ടാവുന്നത്‌ സ്വാഭാവികം മാത്രമാണ്‌. അത്‌ തീരുമാനങ്ങളേയും തയ്യാറെടുപ്പുകളേയും ബാധിയ്ക്കുന്നു എന്നതിലും സംശയമില്ല.  എന്നാൽ അതിനുമപ്പുറത്താണ്‌ വൈദ്യന്മാരല്ലാത്ത നിരവധിപേർ ഉൾപ്പെടുന്ന ഒരു സംവിധാനം ഉപയോഗിച്ചുകൊണ്ടാണ്‌ അതിബൃഹത്തായ പൊതുജനാരോഗ്യയന്ത്രം പ്രവർത്തിപ്പിയ്ക്കുക എന്നത്‌.  പുതിയ കാലത്ത്‌ ഈ ചിന്ത കൂടുതൽ തെളിവാകുകയാണ്‌‌ ചെയ്യുന്നത്‌. അതുകൊണ്ട്‌ ചികിത്സയുടെ സാഫല്യത്തെക്കുറിച്ചും,  ഒപ്പം അതിലെ വ്യാപത്സാധ്യതകളെക്കുറിച്ചും ഈ രണ്ടുസന്ദർഭത്തിലും വേണ്ടതായ തയ്യാറെടുപ്പുകളെക്കുറിച്ചും ചില സാമാന്യനിർണ്ണയങ്ങൾ ആവശ്യമായിവരുന്നു‌ എന്നതിൽ സംശയമില്ല. 

'ഉപകൽപ്പനീയ'ത്തിന്റെ തുടർച്ചയിൽ‌ ആത്രേയൻ തന്റെ വിഷയം സവിസ്തരം അവതരിപ്പിയ്ക്കുന്നതാണ്‌ നാം കാണുക.  ചികിത്സയ്ക്കായി തയ്യാറാക്കേണ്ട നിരവധി കാര്യങ്ങൾ.  ചികിത്സാലയനിർമ്മാണം, ഔഷധസംഭരണം, പരിചാരകനിയമനം, ചികിത്സയുടെ ശരിയായ പ്രയോഗം, അതിന്റെ വ്യാപത്തുകളാളെക്കുറിച്ചുള്ള സവിസ്തരപ്രതിപാദനങ്ങൾ, അവയ്ക്കുള്ള പരിഹാരങ്ങൾ...അതങ്ങനെ നീണ്ടുപോകുന്നു. ഒരുപക്ഷേ  ശോധനചികിത്സയെ മുൻനിർത്തിയെഴുതിയ  ഈ കുറിപ്പുകളാകാം മനുഷ്യചരിത്രത്തിലെത്തന്നെ ആദ്യ അടിസ്ഥാന ചികിത്സാമാർഗ്ഗരേഖ.  ചരകസംഹിതയിലാണ്‌ നാമീ പാഠങ്ങൾ ഇപ്പോൾ കാണുന്നതെന്നിരിക്കിലും ചരകനേക്കാൾ എത്രയോ ശതകങ്ങൾക്കുമുമ്പാണ്‌ ചരിത്രപഥത്തിൽ നമ്മൾ അഗ്നിവേശനേയും ആത്രേയനേയും കണ്ടുമുട്ടുന്നത്‌!  ‌ നിശചയമായും ഇതൊരു പ്രധാനപ്പെട്ട ചരിത്രരെക്ഖയാകുന്നു. ഇത്തരം കാര്യങ്ങളിൽ പക്ഷഭേദമില്ലാത്ത ഉത്തരങ്ങൾ നൽകേണ്ടത്‌ ചരിത്രകാരന്മാരാണ്‌.  

അധ്യായത്തിന്റെ അവസാനഭാഗത്ത്‌ ആത്രേയപുനർവ്വസു നടത്തുന്ന ചില നിരീക്ഷണങ്ങളും നിർദ്ദേശങ്ങളും ഇത്രയുംതന്നെ, ഒരുപക്ഷെ ഇതിലേറെ, ശ്രദ്ധേയങ്ങളാണ്‌ ‌.  ഒരു സാധാരണ വൈദ്യസാഹിത്യകൃതിയ്ക്ക്‌‌ പരിചിതങ്ങളല്ലാത്ത ഇടങ്ങളിലുടെയാണ്‌ ഇവിടെ ഗ്രന്ഥകാരന്റെ സഞ്ചാരം.   സംസാരത്തിനിടയ്ക്ക്‌ അദ്ദേഹം തന്റെ ശിഷ്യരെ ഓർമ്മിപ്പിയ്ക്കുന്നു,  "ഇപ്പറഞ്ഞവിധത്തിൽ ശോധനചികിത്സ ചെയ്യണമെങ്കിൽ പക്ഷേ, ചിലവ്‌ കണക്കറ്റതാകും.  രോഗി രാജാവോ അതുപോലെ  ധനികനോ ആകേണ്ടിവരും എന്നു പറഞ്ഞത്‌ അതുകൊണ്ടാണ്‌. എന്നാൽ ഇതല്ല സമൂഹത്തിൽ എല്ലായിടത്തേയും സ്ഥിതി‌.  എന്നാൽ, എല്ലാ മനുഷ്യർക്കും എല്ലാ സൗകര്യങ്ങളും ഉണ്ടാകും എന്നുപ്രതീക്ഷിയ്ക്കുക വയ്യ.  ആശുപത്രിവാസം ആവശ്യമായിവരുന്നതരം ദാരുണരോഗങ്ങൾ, ദൗർഭാഗ്യവശാൽ, ദരിദ്രർക്ക്‌ പ്രത്യേക ഒഴിവൊന്നും നൽകുന്നില്ലതാനും‌.  ‌ വൈദ്യൻ ഇതുമറന്നുപോകരുത്‌. ചിലവേറെയില്ലാത്ത, സുലഭമായ, വിഭവങ്ങളുപയോഗിച്ചുകൊണ്ട്‌ വേണ്ട ചികിത്സ അത്തരക്കാർക്ക്‌ നടത്താൻ വൈദ്യന്‌ കഴിയണം. ഒരു ആപത്തിന്റെ സന്ദർഭത്തിൽ യുക്തമായത്‌,‌ ഏറ്റവും ചിലവുകുറഞ്ഞതരത്തിൽ, ഫലപ്രദമായി ചെയ്യാൻ വൈദ്യന്‌ കഴിയണം.  കയ്യിലൊതുങ്ങുന്നതും , ഫലപ്രദവും ആകണം എന്നല്ലാതെ എല്ലാ ആർഭാടവും തികഞ്ഞതാകണം ചികിത്സ എന്ന നിർബന്ധം ആർക്കും നീതീകരിയ്ക്കാനാവുന്നതല്ല.  വസ്ത്രത്തിന്റേയും ആഹാരത്തിന്റേയും കാര്യങ്ങളാണ്‌ ഇവിടെ മാതൃക.  പ്രയോജനമെന്തോ അത്‌ നടത്തണം എന്നതുചിന്തിച്ചാൽ എല്ലാവർക്കും വസ്ത്രം ധരിയ്ക്കാൻ സാധിയ്ക്കും.  എന്നാൽ എല്ലാ മോടിയും തികഞ്ഞ വസ്ത്രമേ ധരിയ്ക്കൂ എന്നുനിർബന്ധിച്ചാൽ അത്‌ എത്രപേർക്കാകും? അതുപോലെത്തന്നെയാണ്‌ ആഹാരത്തിന്റെ കാര്യവും. വിശപ്പടക്കലും ശരീരപോഷണവും നടക്കുക എന്നതാണാവശ്യമെങ്കിൽ‌‌ മുട്ടുവരില്ല. മറിച്ച്‌, വിഭവസമൃദ്ധമായതേ കഴിയ്ക്കൂ എന്നുവന്നാൽ അതു സാധിയ്ക്കുന്നവരുടെ എണ്ണം ചുരുങ്ങും". 

ഇത്‌ സുപ്രധാനമായ ഒരു പ്രസ്താവമാണെന്നതിൽ സംശയമില്ല. ചികിത്സ സാഹചര്യങ്ങൾക്കൊത്തതും കാര്യമാത്രപ്രസക്തവും ആക്കുക എന്ന നിലപാടാകണം വൈദ്യനെ നയിയ്ക്കേണ്ടത്‌ എന്ന്‌ സ്ഥാപിയ്ക്കുന്നതിലൂടെ ഏതുകാലത്തും വൈദ്യം കയ്യൊഴിഞ്ഞുകൂടാത്ത സാമൂഹിക-സാമ്പദിക ബോധ്യങ്ങളെയും നിലപാടുകളേയും ഉയർത്തിക്കാട്ടുകയാണ്‌ ആത്രേയൻ ചെയ്യുന്നത്‌.  ഒരുപക്ഷേ ഇതിന്റെ പ്രതിധ്വനി ആധുനികസമൂഹം ശ്രവിയ്ക്കുന്നത്‌ കാലമേറെക്കഴിഞ്ഞുള്ള‌, ജർമ്മൻ ചികിത്സാശാസ്ത്രജ്ഞനായ റുഡോൾഫ്‌ വിർച്ചോഫ്‌ (Rudolf Virchow, 1821-1902)-ന്റെ "Medicine is a social science and politics is nothing else but medicine on a large scale" എന്ന പ്രസ്താവനയിലാകാം.  

‌‌ 'ഉപകൽപ്പനീയ'ത്തിൽ  രാജാവ് ഒരു കാലഘട്ടത്തിന്റെ പ്രതിനിധി മാത്രമാണ്‌.  എന്നാൽ അതിനപ്പുറത്ത്‌ കാലദേശാതിവർത്തിയായി തെളിഞ്ഞുയർന്നുനിൽക്കുന്ന മൂല്യവിചാരധാരകളാണ്‌ പ്രസക്തമായിട്ടുള്ളത്‌. അവതന്നെയാണ്‌ അധ്യായത്തെ, ചരകസംഹിതയേയും, ആവർത്തിച്ചുപഠിയ്ക്കുവാനും വ്യാഖ്യാനിയ്ക്കുവാനും ആധുനികകാലത്തെ ഏത്‌ ആരോഗ്യപ്രവർത്തകനേയും ഉത്തേജിപ്പിക്കേണ്ടതും. 


(കുറിപ്പ്: മുകളിൽ ചരകസംഹിതയിലെ ഉപകൽപ്പനീയം എന്ന അധ്യായത്തിന്റെ അതേപടിയുള്ള ഒരു തർജ്ജമ അല്ല, ആശയത്തിന്റെ സാരം മാത്രമേ ഉൾപ്പെടുന്നുള്ളൂ.  ഈ ലേഖനം ചില മാറ്റങ്ങളോടെ ദേശാഭിമാനി വാരികയിൽ മുമ്പ് പ്രസിദ്ധീകരിച്ചു)

Comments