ആയുർവേദത്തിലെ ആരോഗ്യദർശനം


 ആയുർവേദത്തിലെ ആരോഗ്യദർശനം

ഭാരതീയമായ ആരോഗ്യരക്ഷാപദ്ധതിയും, വിശേഷിച്ച്‌ ഒരു സമഗ്ര ചികിത്സാശാസ്ത്രവുമാണ്‌ ആയുർവേദം.  സ്വാസ്ഥ്യം അല്ലെങ്കിൽ ആരോഗ്യാനുഭവം എങ്ങനെ നിലനിർത്താം, സംഗതിവശാൽ വന്നുചേർന്ന രോഗങ്ങളെ എങ്ങനെ ശമിപ്പിക്കാം എന്നീ രണ്ടു ചിന്തകളാണ്‌ ആയുർവേദത്തിന്റെ അടിസ്ഥാന വിചാരധാര‌.  ഇവ ക്രമത്തിൽ സ്വസ്ഥവൃത്തം, ആതുരവൃത്തം എന്നറിയപ്പെടുന്നു.  ദേശകാലങ്ങളുടെ മാറ്റമനുസരിച്ച്‌ എങ്ങനെ ജീവിയ്ക്കണം എന്ന്‌ സൂചനകൾ നൽകുകയാണ്‌ സ്വസ്ഥവൃത്തം പ്രാഥമികമായി ചെയ്യുന്നത്‌.  ആതുരവൃത്തമാകട്ടെ, രോഗശമനത്തിനുള്ള വിവിധ ഉപായങ്ങളെ സന്ദർഭമനുസരിച്ച്‌ വിസ്തരിയ്ക്കുന്നു.  ഈ രണ്ടു മേഖലകളിലും ആയുർവ്വേദം ഇടപെടുന്നത്‌ കാര്യകാരണബന്ധത്തിലധിഷ്ഠിതമായ യുക്തിചിന്തയുടെ ബലത്തിലാണ്‌.  

ശരീരവും മനസ്സും ഒരുപോലെ രോഗത്തിനും ആരോഗ്യത്തിനും അധിഷ്ഠാനമായി, ആധാരമായി, ഇരിയ്ക്കുന്നു.  അതിനാൽ ആതുരവൃത്തത്തിലും സ്വസ്ഥവൃത്തത്തിലും ശരീരമെന്നപോലെ മനസ്സും ചർച്ചാവിഷയമാണ്‌.  മനസ്സും ശരീരവും പരസ്പരം ചേർന്നുനിൽക്കുന്ന രണ്ട്‌ തത്വങ്ങളാണ്‌. അവയുടെ ചേർച്ച ഏറെ കൗതുകകരമാണ്‌.  രണ്ട്‌ തത്വങ്ങൾ എന്ന് സാങ്കേതികമായി പറയുമ്പോഴും അവയെ വേർത്തിരിച്ച്‌ കാണുക സാധ്യമല്ല. അവ അത്രമേൽ ഒന്നൊന്നിനെ എന്നരീതിയിൽ പിന്തുടരുന്നു. ശരീരം എന്ന്‌ വൈദ്യത്തിൽ പറയുന്നത്‌ സമനസ്ക്കമായ - മനസ്സിനോടുകൂടി നിലകൊള്ളുന്ന - ശരീരമാണ്‌.  അതുപോലെ തിരിച്ചും. 

(സ്വാസ്ഥ്യം ആരോഗ്യം എന്നീ പദങ്ങൾ ഒരേ ആശയത്തെ ഉദ്ദേശിച്ച്‌ പ്രയോഗിക്കപ്പെടുന്നവയാണെങ്കിലും കൗതുകകരമായ വ്യത്യാസം അവ തമ്മിലുണ്ട്‌‌.  ആരോഗ്യം എന്ന വാക്കിന്‌ സ്വാസ്ഥ്യം എന്നതിന്റെ അത്രതന്നെ തെളിച്ചമില്ല എന്ന്‌ പറയേണ്ടിവരും. അതിന്‌ കാരണം പ്രാഥമികമായി ആ വാക്ക്‌ രോഗം എന്നതിനെ ഉപജീവിച്ചുകൊണ്ടാണ്‌ ഉണ്ടായിവരുന്നത്‌ എന്നതാണ്‌.  രോഗമില്ലാത്തവൻ അരോഗൻ, അയാളുടെ അവസ്ഥ ആരോഗ്യം, എന്നാണ്‌ ആ വാക്കിനെ പ്രാഥമികമായി വിശദീകരിയ്ക്കുവാൻ സാധിയ്ക്കുക. അപ്പോൾ രോഗമില്ലാത്ത അവസ്ഥയാണ്‌ ആരോഗ്യം എന്ന ഒരു ധ്വനി അത്‌ സൃഷ്ടിയ്ക്കുന്നുണ്ട്‌. രോഗമില്ലാത്ത അവസ്ഥ എന്നത്‌ രോഗത്തിന്റെ അഭാവത്തെ മാത്രമേ പ്രതിനിധാനം ചെയ്യുകയുള്ളൂ, മറ്റെന്തെങ്കിലും ഉള്ളതായി അത്‌ സൂചിപ്പിയ്ക്കുകയില്ല. യഥാർത്ഥത്തിൽ ആരോഗ്യം എന്നത്‌ എന്തിന്റെയെങ്കിലും അഭാവമല്ല, അസാന്നിദ്ധ്യമല്ല, മറിച്ച്‌ ഭാവാത്മകമായ ഒന്നിന്റെ സാന്നിദ്ധ്യമാണ്‌.  ആ ആശയം കൂടുതൽ നന്നായി പ്രതിഫലിപ്പിക്കുന്നത്‌ സ്വാസ്ഥ്യം എന്ന വാക്കാണ്‌.  ഇക്കാരണത്താൽ സ്വാസ്ഥ്യം എന്ന പ്രയോഗം ആരോഗ്യം എന്നതിനേക്കാൾ മാറ്റ്‌ കൂടിയതാണ്‌ എന്ന്‌ സാങ്കേതികമായി പറയാം.  എന്നാൽ ഇവ തുല്യാർത്ഥത്തിൽ പ്രയോഗിച്ചുവരുന്ന പദങ്ങൾതന്നെയാണ്‌.)

ആയുർവ്വേദമനുസരിച്ച്‌ ഭാവസ്വരൂപമായ ആരോഗ്യത്തെ ലക്ഷണങ്ങളോടുകൂടി നിർവ്വചിച്ചിട്ടുണ്ട്‌.  അതിപ്രകാരമാണ്‌:   

"തല്ലക്ഷണം പഞ്ചദശപ്രകാരം 

ആഹാരകാംക്ഷാസ്വദനം വിപാക:

പുരീഷമൂത്രാനിലസൃഷ്ടതാ ച

തഥേന്ദ്രിയാർത്ഥഗ്രഹണേ ച ശക്തി: 

മന:സുഖത്വം ബലവർണ്ണലാഭ: 

സ്വപ്ന: സുഖേന പ്രതിബോധനം ച".  

പതിനഞ്ച്‌ ആരോഗ്യലക്ഷണങ്ങളെ ഇവിടെ എടുത്തുപറഞ്ഞിരിയ്ക്കുന്നു.  എന്തുകൊണ്ടാണോ ഒന്നിനെ അറിയുക അതാണ്‌ അതിന്റെ ലക്ഷണം.  വിശപ്പ്‌, രുചി, ദഹനം, മല-മൂത്ര-വായുക്കളുടെ ശരിയായ വിസർജ്ജനപ്രവൃത്തി, ശ്രോത്ര-ത്വക്‌-ചക്ഷുർ-രസന-ഘ്രാണങ്ങളാകുന്ന അഞ്ച്‌ ഇന്ദ്രിയങ്ങളുടെ ശരിയായ പ്രവർത്തനം, മനസ്സിന്‌ സുഖം, ശരീരത്തിൽ സ്വാഭാവികങ്ങളായ ബലത്തിന്റേയും വർണ്ണത്തിന്റേയും സാന്നിദ്ധ്യം, ആഴത്തിലുള്ള ഉറക്കം, സുഖമായി ഉറക്കമുണരൽ എന്നിവയാണ്‌ ആരോഗ്യത്തിന്റെ ലക്ഷണങ്ങളായി ഇവിടെ നിരീക്ഷിയ്ക്കപ്പെട്ടിരിയ്ക്കുന്ന പതിനഞ്ചെണ്ണം.   ഇവകൊണ്ടാണ്‌ ഭാവാത്മകമായ ആരോഗ്യത്തെ അറിയേണ്ടത്‌. അല്ലാതെ എല്ലാ ദിവസവും എല്ലാ നേരവും എന്തെങ്കിലും മരുന്നുകൾ കഴിച്ച്‌, ശാരീരികമായോ മാനസികമായോ സുഖാനുഭവങ്ങളൊന്നുമില്ലാതെ, നിരന്തരമായ വൈദ്യമേൽനോട്ടത്തിൽ അങ്ങനെ ജീവിച്ചിയ്ക്കുക എന്നതിനെയല്ല. ഇപ്പറഞ്ഞ ലക്ഷണങ്ങളിൽ ഓരോന്നും, സ്ഥൂലവും സൂക്ഷ്മവും ആയ അർത്ഥങ്ങളിൽ, വലിയ സന്ദേശവാഹകരാണ്‌ എന്ന്‌ മനസ്സിലാക്കണം. ‌ ഇക്കാര്യം ഒന്ന്‌ പരിശോധിയ്ക്കാം. 

‌ നിലനിൽക്കാനുള്ള ഏറ്റവും അടിസ്ഥാനചോദനയാണ്‌ വിശപ്പ്. ഒരാൾ ആഹാരമായി ഉപയോഗിയ്‌‌ക്കുന്ന പാഞ്ചഭൗതികദ്രവ്യങ്ങളെ ഉപയോഗിച്ചാണ്‌ ശരീരം അതിന്റെ പോഷണവും കേടുതീർക്കലും എല്ലാം നടത്തുന്നത്‌.  വളരാനും നിലനിൽക്കാനും രോഗപ്രതിരോധം തീർക്കാനും ഉള്ള അടിസ്ഥാനശേഷിയുടെ പ്രതീകമായി അതിനാൽ ശരിയായ വിശപ്പിനെ മനസ്സിലാക്കാം. ഭക്ഷണം ആസ്വദിച്ച്‌ കഴിയ്ക്കുന്നതിന്‌ വിശപ്പ്‌ മാത്രം പോരാ, രുചികൂടി വേണം. ഇതിൽ ഒരാളിന്റെ ശാരീരിക-മാനസികാവസ്ഥകൾ, ജീവിതസാഹചര്യങ്ങൾ, ശീലങ്ങൾ, താൽപ്പര്യങ്ങൾ എന്നിവയെല്ലാം സ്വാധീനം ചെലുത്തുന്നു.

കഴിച്ചത്‌ ദഹിപ്പിക്കാനും ആഗിരണം ചെയ്യാനും ശരീരത്തിന്‌ ശേഷിയുണ്ടെങ്കിൽ മാത്രമേ ഭക്ഷണം പ്രയോജനകരമാകുകയുള്ളൂ.  ഇക്കാര്യത്തിൽ അഗ്നിയുടെ  - ജഠരാഗ്നി - പങ്ക്‌ ഏറ്റവും പ്രധാനപ്പെട്ടതായിരിയ്ക്കുന്നു.  കഴിയ്ക്കുന്നത്‌ എത്രതന്നെ പോഷകസമൃദ്ധമായ വസ്തുവായാലും അത്‌ അഗ്നിയ്ക്ക്‌ വഴങ്ങാത്തതെങ്കിൽ പ്രയോജനപ്പെടുകയില്ല എന്നുമാത്രമല്ല ഉപദ്രവകരമാകുകയും ചെയ്യും. ദഹിപ്പിക്കാൻ കഴിയാത്ത ആഹാരത്തെപ്പോലെ ആരോഗ്യത്തിന്‌ ഹാനികരമായ മറ്റൊരു വസ്തുവില്ല. 

ആഹാരം ദഹിച്ച്‌ ശരീരം അതിനെ ഉപയോഗപ്പെടുത്തുന്ന പ്രക്രിയയിൽ സ്വാഭാവികമായിത്തന്നെ ചില ഉപോൽപ്പന്നങ്ങളും പാഴ്‌വസ്തുക്കളുമെല്ലാം രൂപം കൊള്ളുന്നുണ്ട്‌. മലം, മൂത്രം, അധോവായു എന്നിവയെ ഇത്തരത്തിലാണ്‌ കണക്കാക്കുന്നത്‌.  ഇവയെ പൊതുവായി മലം എന്ന വാക്കുകൊണ്ട്‌ സൂചിപ്പിയ്ക്കുന്ന പതിവുണ്ട്‌.  ഇവ കെട്ടിനിൽക്കാതെ യഥാസമയം ശരീരത്തിൽനിന്ന് പുറംതള്ളേണ്ടവയാണ്‌.  ഇവയുടെ ശരിയായ വിസർജ്ജനം ആരോഗ്യത്തിന്റെ ഒരു ലക്ഷണമാണ്‌. 

ചെവി, തൊലി, കണ്ണ്‌, നാക്ക്‌, മൂക്ക്‌ എന്നീ അവയവങ്ങളിലാണ്‌ അഞ്ച്‌ ഇന്ദ്രിയങ്ങൾ സ്ഥിതിചെയ്യുന്നത്‌. ഇന്ദ്രിയാർത്ഥങ്ങൾ എന്ന്‌ അറിയപ്പെടുന്ന ശബ്ദം, സ്പർശ്ശം, രൂപം, രസം, ഗന്ധം എന്നിവയെ മനസ്സിലാക്കുവാനുള്ള ഉപകരണങ്ങളാണ്‌ അവ. ഇവ പരിസരവുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടാണിരിയ്ക്കുന്നത്‌.  വ്യക്തി തന്റെ ജീവിതപരിസരവുമായി, ബാഹ്യലോകവുമായി, ബന്ധം സ്ഥാപിയ്ക്കുന്നത്‌ ഇന്ദ്രിയങ്ങൾ മുഖേനയാണ്‌. അതിനാൽ നിലനിപ്പിനെ സംബന്ധിച്ച്‌ ഇന്ദ്രിയങ്ങളുടെ ശേഷി സുപ്രധാനമാകുന്നു, ഇന്ദ്രിയങ്ങളുടെ സുസ്ഥിതി  പ്രധാനപ്പെട്ട ഒരു ആരോഗ്യലക്ഷണമായി പരിഗണിക്കുകയും ചെയ്യുന്നു. 

മനസ്സിന്റേയും ശരീരത്തിന്റേയും പാരസ്പര്യത്തെപ്പറ്റി നേരത്തെ സൂചിപ്പിച്ചിരുന്നു. മനസ്സാണ്‌ ആലോചനകളുടെ അധിപൻ. നല്ലത്‌-ചീത്ത, ശരി-തെറ്റ്‌, ആകാവുന്നത്‌ -അരുതാത്തത്‌, ഇപ്പോൾ-പിന്നീട്‌ എന്നിങ്ങനെ ഒരാൾ നേരിടുന്ന അനന്തമായ സന്ദിഗ്ധതകളിൽ നിശ്ചയമുണ്ടാക്കുന്ന തത്വം അല്ലെങ്കിൽ അധികാരിയാണ്‌ ബുദ്ധി. ബുദ്ധിയുടെ ഉപകരണമാണ്‌ മനസ്സ്‌.  ബുദ്ധി പ്രവർത്തിയ്ക്കുന്നത്‌ മനസ്സ്‌ എന്ന വേദിയിലൂടെയാണ്‌ എന്ന്‌ പറയാം. ബുദ്ധിയും മനസ്സും തമ്മിലുള്ള ഈ ബന്ധവും അത്രമേൽ സൂക്ഷ്മവും ഗാഢവും അവിഛ്ചേദ്യവും ആകയാൽ ബുദ്ധിയേയും മനസ്സിനേയും ഒന്നായിത്തന്നെ കണക്കാക്കുകയാണ്‌ പതിവ്‌.  ഏതൊരാളും ഏതു തീരുമാനവും തനിയ്ക്ക്‌ സുഖം ഉണ്ടാക്കണം ദു:ഖം ഒഴിവാക്കണം എന്ന ലക്ഷ്യത്തോടെ എടുക്കുന്നതാണ്‌.  ഇതിൽ മനസ്സിനാണ്‌ സ്വാധീനത. മുമ്പത്തെ ദു:ഖാനുഭവങ്ങളുടെ ഓർമ്മകളാൽ, അത്തരം അനുഭവങ്ങളുടെ കടുംപിടുത്തത്തിൽ നിന്ന്‌ പുറത്തുകടക്കാനാകാത്തപ്പോൾ, ദു:ഖകരമായ അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോൾ, ദു:ഖകരമായ അനുഭവങ്ങളെ പ്രതീക്ഷിക്കുമ്പോൾ ഒക്കെയും മനസ്സിന്‌ അതിന്റെ സ്വഛ്ചതയും സ്വാസ്ഥ്യവും നഷ്ടപ്പെടുന്നു. ഇത്‌ തിരിച്ചും ഒഴുകാം. അതായത്‌ മനസ്സിന്‌ തെളിച്ചമില്ലാതെ നിൽക്കുന്ന സമയത്ത്‌ എല്ലാ ഓർമ്മകളും അനുഭവങ്ങളും ദു:ഖകരമായി തോന്നുന്നു, പ്രത്യാശയ്ക്ക്‌ വഴിയില്ല എന്ന നില വന്നുചേരുന്നു. സുഖം എന്ന്‌ മനസ്സ്‌ കരുതുന്ന സമയം ജീവിതം പ്രകാശപൂർണ്ണമാണ്‌ എന്ന പ്രതീതി ജനിയ്ക്കുന്നു.  അങ്ങനെ മനസ്സിന്റെ പ്രസന്നത സ്വാസ്ഥ്യത്തിന്റെ ലക്ഷണങ്ങളിലൊന്നായി മാറുന്നു. 

മനസ്സ്‌ ശരീരമാകുന്ന കൂട്ടിലാണ്‌ താമസം. ഇവ തമ്മിലുള്ള ബന്ധം സൂചിപ്പിയ്ക്കുന്ന ഒരു പഴയ രൂപകമുണ്ട്‌.  നെയ്യും കുടവും പോലെ എന്നതാണത്‌.  മനസ്സ്‌ നെയ്യും ശരീരം കുടവും. തിളച്ച നെയ്യ്‌ കുടത്തിലേയ്ക്ക്‌ പകർന്നാൽ കുടവും ചൂടുപിടിയ്ക്കും. അതിൽ സംശയത്തിനിടമില്ല. ചൂടുകേറ്റിയ ഒരു കുടത്തിലേയ്ക്ക്‌ പകർന്നാൽ എത്ര ഉറച്ചിരിയ്ക്കുന്ന നെയ്യും ചൂടായി ഉരുകുമെന്നതിലും തർക്കവിതർക്കങ്ങളില്ല.  

ബലം, വർണ്ണം എന്നിവ ശരീരത്തിനകത്തെ അടിസ്ഥാന പരിവർത്തനങ്ങളും പോഷണ വിതരണ ശൃഖലയും ശരിയായി നടക്കുന്നു എന്നതിന്റെ നിദർശ്ശനങ്ങളാണ്‌.  അതിനാൽ അവയും ആരോഗ്യലക്ഷണങ്ങളുടെ പട്ടികയിൽ ഇടം കണ്ടെത്തുന്നു. 

ശാന്തമായി ഉറങ്ങാനും ഉന്മേഷത്തോടെ ഉണരാനും കഴിയുക എന്നതാണ്‌ അടുത്ത ലക്ഷണങ്ങൾ. ശരീരത്തിനും മനസ്സിനും ലഭിയ്ക്കുന്ന പരിപൂർണ്ണ വിശ്രമമാണ്‌ ഉറക്കം.  എപ്പോഴാണ്‌ ഉറക്കം എന്ന സ്ഥിതിയിലേക്ക്‌ ശരീരം മാറുന്നത്‌.  ഒന്നാമതായി മനസ്സ്‌ ഇന്ദ്രിയങ്ങളിൽ നിന്ന് പിൻവാങ്ങണം. ഒപ്പം ബുദ്ധിയുമായുള്ള അതിന്റെ കെട്ടുപിണച്ചിൽ അയച്ചിട്ട്‌ ചിന്താലോകത്തുനിന്ന് താൽക്കാലികമായി വിരമിക്കാൻ തയ്യാറാവുകയും വേണം. അതായത്‌ മനസ്സിന്റെ 'ഓഫ്‌-മോഡ്‌' ആണ്‌ ശരിയായ ഉറക്കം എന്നർത്ഥം. ശാരീരികമായ അസ്വസ്ഥതകൾ ഉള്ളപ്പോൾ, മനസ്സിന്‌ ഇത്തരത്തിലുള്ള ഒരു വിരമിക്കൽ സാധ്യമല്ലാതെവരികയാൽ, അവ ഉറക്കം കെടുത്തുന്നു. ഇതുപോലെ മനസ്സ്‌ അതിന്റെ ദൈനംദിനവ്യവഹാരങ്ങളുടെ തിക്കിലും തിരക്കിലും പെട്ട്‌ സദാ ജാഗരൂകമാകുകയാണെങ്കിൽ അത്‌ വിശ്രമിക്കാനാകാത്ത ഒരവസ്ഥയിൽ പെട്ടുപോകുകയും തത്ഫലമായി ഉറക്കം നഷ്ടപ്പെടുകയും ചെയ്യാം. ഈ അവസ്ഥയിൽ മനസ്സ്‌ ഇന്ദ്രിയങ്ങളിൽനിന്ന്‌ വിച്ഛേദിച്ചിരിക്കാം എങ്കിലും സ്വയം പ്രവർത്തനനിരതമാണ്‌.  അതിനാൽ ഉറക്കം നഷ്ടമാകുന്നു. സ്വാഭാവികമായും ഉന്മേഷത്തോടെ ഉണരാൻ സാധിയ്ക്കാതെ വരികയും ചെയ്യുന്നു. ഉറക്കം നഷ്ടപ്പെടുന്നതുപോലെത്തന്നെ അധികമായ ഉറക്കവും അസമയത്തുള്ള ഉറക്കവും സ്വാഭാവികമല്ലാത്തതിനാൽ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ഇല്ലാതാക്കുന്നവയാണ്‌.  

മനശ്ശരീരങ്ങളുടെ പാരസ്പര്യത്തിൽ ഊന്നിയാണ്‌ ആരോഗ്യത്തെ നിർണ്ണയിക്കേണ്ടത്‌ എന്ന് ഇപ്പറഞ്ഞ കാര്യങ്ങൾ വെളിവാക്കുന്നു. മാത്രമല്ല, ആരോഗ്യമെന്നതിന്‌ വൈയക്തികമായ ഒരാഴം, അനുഭവത്തിലൂന്നിയുള്ള ഒരു തലം ഉണ്ട്‌ എന്നുക്കൂടി ഈ ആശയങ്ങൾ വ്യക്തമാക്കുന്നുണ്ട്‌.  യഥാർത്ഥത്തിൽ പതിനഞ്ച്‌ എന്ന എണ്ണത്തേക്കാൾ അവയോരോന്നും പ്രതിനിധാനം ചെയ്യുന്ന, സമഗ്രമായ, സർവ്വതലസ്പർശ്ശിയായ, ആരോഗ്യദർശ്ശനമാണ്‌ ഇവിടെ ഉയർത്തിപ്പിടിയ്ക്കേണ്ടത്‌.  

ആയുർവ്വേദം വ്യക്തിയുടെ മാത്രമല്ല, മുഴുവൻ സമൂഹത്തിന്റേയും ആരോഗ്യത്തിൽ  ശ്രദ്ധയൂന്നുന്നുണ്ട്‌.  സ്വാസ്ഥ്യം എന്നത്‌ സമാജസ്വാസ്ഥ്യത്തെക്കൂടി ഉൾക്കൊള്ളുന്നുണ്ട്‌ എന്നർത്ഥം.  ആയുസ്സിനെ, ജീവിതത്തെ, സുഖം ദു:ഖം ഹിതം അഹിതം എന്നിങ്ങനെ നാലായി വിഭജിയ്ക്കുന്നുണ്ട്‌ ആയുർവ്വേദാചാര്യനായ ചരകൻ.  ഏറെ പ്രസക്തമായ ഒരു സമീപനം ഇതിനുപിറകിലുണ്ട്‌.  സുഖായുസ്സ്‌ എന്നത്‌ വ്യക്തിപരമായ സൗഭാഗ്യങ്ങളിലും സുഖങ്ങളിലും ശ്രദ്ധചെലുത്തി ജീവിയ്ക്കലാണ്‌.  ശാരീരികമോ മാനസികമോ ആയ അല്ലലുകളില്ലാതെ യൗവനത്തിന്റെ എല്ലാ ശബളിമയോടും കൂടി, ഉത്സാഹിയായി, ജ്ഞാനവിജ്ഞാനങ്ങളാർജ്ജിച്ച്‌, സഫലങ്ങളും സുന്ദരങ്ങളും ആയ പലതരം ഭോഗങ്ങൾ അനുഭവിച്ച്‌, എല്ലാ ഇടപാടുകളിലും സമൃദ്ധിയും വിജയവും നേടി, തന്നിഷ്ടം പോലെ  കാര്യങ്ങൾ ചെയ്ത്‌ ജീവിയ്ക്കുക.  ചുരുക്കത്തിൽ വ്യക്തി എന്ന നിലയിൽ എല്ലാം തികഞ്ഞിരിക്കുന്ന സ്ഥിതി.  ഇതിന്‌ നേർവിപരീതമാണ്‌ ദു:ഖായുസ്സ്‌.  ഹിതായുസ്സ്‌ എന്നതാണ്‌ ഏറ്റവും അഭികാമ്യമായിരിയ്ക്കുന്ന ജീവിതം.  സ്വയം ധാർമ്മികമായി ജീവിയ്ക്കുക,  തന്റെ ജീവിതംകൊണ്ട്‌ തനിയ്ക്കെന്നപോലെ മുഴുവൻ സമൂഹത്തിനും എല്ലാ ജീവജാലങ്ങൾക്കും സുഖവും ഉൽക്കർഷവും സംഭവിയ്ക്കണമെന്ന്‌ സങ്കൽപ്പിച്ച്‌ പ്രവർത്തിയ്ക്കുക.  ഇതാണ്‌ ഹിതായുസ്സ്‌ എന്നതിന്റെ അടിക്കല്ലായുള്ള ആശയം.  "അവനവനാത്മസുഖത്തിനാചരിയ്ക്കുന്നവയപരന്നു സുഖത്തിനായ്‌വരേണം" എന്ന്‌ ഗുരുദേവൻ പറയുന്നത്‌ ഇത്തരമൊരു ഹിതായുസ്സിനെ മനസ്സിൽ കരുതിയാകണം. (ഗുരുദേവൻ ഒരു വൈദ്യനുമായിരുന്നു എന്ന്‌ പ്രസംഗവശാൽ സൂചിപ്പിയ്ക്കട്ടെ).  ധർമ്മനിഷ്ഠ, ആത്മനിയന്ത്രണം, സത്യനിഷ്ഠ, ശ്രദ്ധ, പൂജ്യപൂജനം, വിജ്ഞാനാർജ്ജനം, വൃദ്ധജനസേവനം, ദാനശീലം, അദ്ധ്യാത്മപരത, എന്നിവയെല്ലാം അത്തരമൊരായുസ്സിന്റെ മുഖമുദ്രകളാണ്‌.  

ഇതിന്റെ നേർവ്വിപരീതമാകുന്നു അഹിതായുസ്സ്‌ എന്നത്‌.  ആയുസ്സ്‌ എന്നത്‌ ജീവിച്ചുതീർക്കുന്ന വർഷങ്ങളുടെ എണ്ണത്തിലൊടുങ്ങുന്നതല്ല, മറിച്ച്‌, ഏതുതരത്തിൽ ജീവിയ്ക്കുന്നു എന്നതിന്റെ ഒരു പ്രസ്താവന, ഒരു സത്യവാങ്മൂലം ആകുന്നു എന്നർത്ഥം. എങ്ങനെ വ്യക്തിപരമായി സ്വാസ്ഥ്യം, സുഖം, അനുഭവിയ്ക്കുമ്പോൾത്തന്നെ തന്റെ പ്രവൃത്തികൾ മുഴുവൻ സമൂഹത്തിനും സസ്യലതാദികൾക്കും പ്രയോജനമുള്ളവയാക്കാം എന്ന ആലോചന ആയുർവ്വേദം മുന്നോട്ടുവയ്ക്കുന്ന ആരോഗ്യദർശ്ശനത്തിന്റെ മൗലികധാരയാണെന്നതിൽ സംശയമില്ല.  

Comments