മാനസിക രോഗപ്രതിരോധം: ആയുർവ്വേദ ചിന്ത


മാനസിക രോഗപ്രതിരോധം: ആയുർവ്വേദ ചിന്ത

തിസ്രൈഷണീയം എന്ന അധ്യായത്തിൽ നിജം, ആഗന്തു, മാനസം എന്നിങ്ങനെ രോഗങ്ങളെ മൂന്നായി വിഭജിയ്ക്കുന്നുണ്ട്‌, ആയുർവ്വേദ ആചാര്യനായ ചരകൻ. ശാരീരദോഷങ്ങളായ വാതപിത്തകഫങ്ങൾ നിമിത്തമായി ഉണ്ടാകുന്നവയാണ്‌ നിജരോഗങ്ങൾ. ആഗന്തുക്കളാകട്ടെ, ഭൂതവിഷവായ്‌വഗ്നിസംപ്രഹാരാദികൾ കൊണ്ടുണ്ടാകുന്ന രോഗങ്ങളാണ്‌. ‌ ഭൂതം എന്നതുകൊണ്ട്‌ എന്താണ് ഉദ്ദേശിയ്ക്കുന്നത്‌? വെവ്വേറെ സന്ദർഭങ്ങളിൽ വെവ്വേറെ‌ അർത്ഥത്തിൽ പ്രയോഗിച്ചിട്ടുള്ള ഒരു പദമാണത്‌. പഞ്ചഭൂതങ്ങൾ, ഭൂതകാലം എന്നെല്ലാം തുടങ്ങി മനുഷ്യേതരങ്ങളും സൂക്ഷ്മസ്വരൂപികളും ആയ ജീവിവിശേഷങ്ങൾ എന്നുവരെ ആ അർത്ഥസാധ്യതകൾ ‌ നീണ്ടുകിടക്കുന്നു. ഇക്കൂട്ടത്തിൽ അവസാനം പറഞ്ഞ അർത്ഥത്തിനാണ്‌ ‌ ഇവിടെ സാധുത‌. അത്തരം ഭൂതങ്ങളാലുണ്ടാകുന്ന രോഗങ്ങൾ, പിന്നെ വിഷം വായു അഗ്നി അഭിഘാതം മുതലായവയാൽ ഉണ്ടാകുന്ന വേദനകൾ (രോഗങ്ങൾ) ഇവയെല്ലാം ചേർന്നതാണ്‌ ആഗന്തു. മാനസരോഗങ്ങളെ "മാനസ: പുന: ഇഷ്ടസ്യാലാഭാല്ലാഭാച്ചാനിഷ്ടസ്യ ഉപജായതേ", മാനസം എന്നത്‌ ഇഷ്ടപ്പെടുന്നത്‌‌ കിട്ടായ്ക, ഇഷ്ടമില്ലാത്തത്‌ വന്നുചേരുക എന്നിവ കാരണമായിട്ട്‌ ഉണ്ടാകുന്ന രോഗങ്ങൾ എന്നാണ്‌ നിർവ്വചിക്കുന്നത്‌. പ്രതികൂലവേദന ജനിപ്പിക്കുന്ന എന്തും രോഗമാണ്‌. ഇവിടെ മാനസരോഗങ്ങൾ എന്നത്‌ മാനസമായ പ്രതികൂലവേദനത്വത്തെ സൂചിപ്പിയ്ക്കുന്നു. കൗതുകകരമായ നിരീക്ഷണമാണത്‌. ഇഷ്ടപ്പെടുന്നത്‌ കിട്ടായ്കയും ഇഷ്ടമില്ലാത്തത്‌ കൈവരലും. ഇതിന്റെ ഉത്പന്നങ്ങൾ കാമം, ക്രോധം, ഭയം എന്നിങ്ങനെയുള്ള മാനസികവികാരങ്ങളാണ്‌. ഏതുപേരിലറിയപ്പെട്ടാലും എല്ലാ തരം മാനസിക രോഗങ്ങളും അടിസ്ഥാനപരമായി ഇത്തരം വികാരങ്ങളുടെ ഭാവഭേദങ്ങളാണല്ലോ. ചില ഗ്രന്ഥകാരന്മാ. ഇത്തരം രോഗങ്ങളെ ആഗന്തുവിഭാഗത്തിൽ ഉൾപ്പെടുത്തി പരിഗണിയ്ക്കുന്നതായി കാണാം‌‌. "യേ ഭൂതവിഷവായ്‌വഗ്നിക്ഷതഭംഗാദിസംഭവാ: കാമക്രോധഭയാദ്യാശ്ച തേ സ്യുരാഗന്തവോ ഗദാ:" എന്ന്‌ വാഗ്ഭടൻ. ഇവിടെ, ഭൂതാദികളാൽ ഉണ്ടാകുന്ന രോഗങ്ങൾക്കൊപ്പം കാമക്രോധഭയാദികൾക്കൂടി ഇടം പിടിയ്ക്കുന്നു. കാമം എന്നാൽ അടക്കാനാവാത്ത ആഗ്രഹം. ക്രോധം എന്നാൽ കോപം. ഭയം പേടി. പ്രതികൂലവേദന ജനിപ്പിക്കാനുള്ള, ദു:ഖകാരകങ്ങളാകാനുള്ള, അവയുടെ ശേഷി പരിഗണിച്ചുതന്നെയാണ് ഇവ രോഗങ്ങളാകുന്നത്‌ ‌. ഈ രോഗങ്ങൾക്ക്‌‌ കാരണം നേരത്തെ സൂചിപ്പിച്ച 'ഇഷ്ടപ്പെടുന്നത്‌ കിട്ടായ്കയും ഇഷ്ടമില്ലാത്തത്‌ കൈവരലും' തന്നെയാണല്ലോ. അങ്ങനെനോക്കുമ്പോൾ, ഈ നിരീക്ഷണം തികച്ചും യുക്തിസഹം മാത്രമല്ല സമഗ്രവുമാണ്‌ എന്നുകാണാം. ഇവിടെ ഇഷ്ടാനിഷ്ടങ്ങൾക്ക്‌ വിഷയമാകുകയും അതുവഴി ദു:ഖത്തിന്‌ കാരണമാകുകയും ചെയ്യുന്ന വസ്തു, അല്ലെങ്കിൽ തത്വം, പുറത്തുള്ള ഒന്നാകയാലാകണം ഇത്തരം രോഗങ്ങളെ ആഗന്തു എന്ന വിഭാഗത്തിലുൾപ്പെടുത്തിയത്‌. ഈ ആശയം "ധ്യായതോ വിഷയാൻ പുംസ: സംഗസ്തേഷൂപജായതേ സംഗാത്സഞ്ചായതേ കാമ: കാമാത്ക്രോധോപജായതേ ക്രോധാത്ഭവതി സമ്മോഹോ സമ്മോഹാത്‌ സ്‌മൃതിവിഭ്രമ: സ്മൃതിഭ്രംശാത്ബുദ്ധിനാശോ ബുദ്ധിനാശാത്പ്രണശ്യതി" എന്ന ഗീതാശ്ലോകത്തെ തികച്ചും ഓർമ്മിപ്പിയ്ക്കുന്നു.  
കൗതുകകരമായ മറ്റൊരു വ്യാഖ്യാനസാധ്യതയും ഈ ശാസ്ത്രഭാഗത്തിനുണ്ട്‌. 'മാനസ: പുന: ഇഷ്ടസ്യാലാഭാല്ലാഭാച്ചാനിഷ്ടസ്യ ഉപജായതേ' എന്നാണ്‌ മൂലം. ഇഷ്ടപ്പെട്ടത്‌ കിട്ടായ്കകൊണ്ടും അനിഷ്ടമായത്‌ കിട്ടുകകൊണ്ടും എന്നാണല്ലോ ഇതിന്റെ പ്രാഥമികവും പ്രത്യക്ഷവുമായ അർത്ഥം. അപ്പോൾ ഇഷ്ടപ്പെട്ടത്‌ കിട്ടുന്നതാണോ ദു:ഖപരിഹാരത്തിനുള്ള ഉപായം? അതല്ല. അങ്ങനെ ആകാനും വഴിയില്ല. ഇഷ്ടപ്പെട്ടത്‌ ലഭിയ്ക്കുന്നതോടെ ഉണ്ടാകുന്ന ഹർഷാതിരേകം മറ്റൊരുതരത്തിൽ വികാരകാരിയാകുക തന്നെ ചെയ്യും. മാത്രമല്ല ഒരിക്കൽ ലഭിച്ചാൽ അത്‌ കൂടുതൽ അളവിൽ, കൂടുതൽ തവണ, ലഭിയ്ക്കണമെന്ന തോന്നലായി. ‌ ഇത്‌ കൂടുതൽ കുഴപ്പങ്ങളിലെത്തിയ്ക്കും. ചുരുക്കത്തിൽ, ഇഷ്ടപ്പെട്ടത്‌ കിട്ടുക എന്നതും മാനസമായ രോഗകാരണമാകാം എന്നർത്ഥം. ഇങ്ങനെ പറയുന്നത്‌‌ കടുത്ത ആശയക്കുഴപ്പമുണ്ടാക്കുമെന്നതിൽ സംശയമില്ല. കിട്ടിയാലും ഇല്ലെങ്കിലും അതപകടമാകും എന്ന ഒരു സ്ഥിതിയിലാകുന്നത്‌ പ്രശ്നം തന്നെ. അപ്പോൾപ്പിന്നെ എന്താണ്‌ പരിഹാരം? ഈ സന്ദർഭത്തിലാണ്‌ മാനസിക രോഗപ്രതിരോധം എന്ന ആശയം, ചികിത്സ എന്നപോലെത്തന്നെ, പ്രസക്തമാകുന്നത്‌. 
ഗ്രന്ഥകാരൻ ഇങ്ങനെ പറയുന്നു, "തത്ര ബുദ്ധിമതാ മാനസവ്യാധിപരീതേനാപി സതാ ബുദ്ധ്യാ ഹിതാഹിതമവേക്ഷ്യാവേക്ഷ്യ ധർമ്മാർത്ഥകാമാനാമഹിതാനാം അനുപസേവനേ ഹിതാനാം ചോപസേവനേ പ്രയതിതവ്യം। ന ഹ്യന്തരേണ ലോകേ ത്രയമേതത്‌ മാനസം കിഞ്ചിന്നിഷ്പദ്യതേ സുഖം വാ ദു:ഖം വാ। തസ്മാദേതച്ചാനുഷ്ഠേയം। തദ്വിദ്യാനാം ചോപസേവനേ പ്രയതിതവ്യം, ആത്മദേശകുലകാലബലശക്തിജ്ഞാനേ യഥാവച്ച ഇതി।” 
ഈ ഘട്ടത്തിൽ, അതായത്‌ നിത്യജീവിതത്തിൽ എന്നർത്ഥം, ബുദ്ധിമാനായ മനുഷ്യൻ, സതാ ബുദ്ധ്യാ, സത്തായ, ശരിയായ, ബുദ്ധിയെ ഉപയോഗപ്പെടുത്തിക്കൊണ്ട്‌, ഉപകരണമാക്കിക്കൊണ്ട്‌, ചിലതെല്ലാം അനുഷ്ഠിക്കണം എന്നുപറയുകയാണ്‌. ഒട്ടേറെ അർത്ഥങ്ങളുള്ള പദമാണ്‌ ബുദ്ധി എന്നത്‌. ‌ ഇവിടെ എന്താണ് ബുദ്ധിയുടെ താൽപര്യം? നിത്യാനിത്യങ്ങളേയും ഹിതാഹിതങ്ങളേയും വേർത്തിരിച്ചുമനസ്സിലാക്കാനുള്ള ശേഷി എന്നുതന്നെ. വിവേചിച്ചറിയുക, അതോ ഇതോ എന്ന്‌ സംശയം വരുമ്പോൾ ഏതെന്ന് തീരുമാനമെടുക്കുക എന്നതാണ്‌ ബുദ്ധിയുടെ കർമ്മം. ഇത്തരത്തിൽ നിശ്ചയാത്മികയായ, ശരിയായ, ബുദ്ധിയാണ്‌ ഇവിടെ കരണം. ഈ കരണം കൊണ്ട്‌ എന്താണ്‌ ചെയ്യേണ്ടത്‌? ധർമ്മാർത്ഥകാമങ്ങളിലെ ഹിതാഹിതത്വത്തെപ്പറ്റി ആവർത്തിച്ച്‌ പരീക്ഷിക്കുകയും അതിൽ അഹിതങ്ങളായവയെ തിരസ്ക്കരിക്കാനും ഹിതങ്ങളായവയെ സ്വീകരിക്കാനും പ്രയത്നിയ്ക്കുകയും വേണം. ധർമ്മാർത്ഥകാമങ്ങളെ മുൻനിർത്തിയാണല്ലോ‌ ഇവിടെ ഹിതാഹിതചിന്തയും തിരസ്ക്കരണവും സ്വീകരണവും (ഉപേക്ഷിയ്ക്കലും കൈക്കൊള്ളലും) എല്ലാം നിർദ്ദേശിയ്ക്കപ്പെട്ടിരിക്കുന്നത്‌. അപ്പോൾ അവയെക്കുറിച്ചറിയാതെ വയ്യ. എന്താണ്‌ ധർമ്മം? കർമ്മം, നീതി, മതം, നിയമം, കർത്തവ്യം, മൂല്യം, മര്യാദ എന്നിങ്ങനെ നിരവധി അർത്ഥങ്ങളുള്ള വാക്കാണ്‌ ധർമ്മമെന്നത്‌. ഒരു സമൂഹത്തിലെ, അല്ലെങ്കിൽ ഒരു സംഘത്തിലെ അംഗം അല്ലെങ്കിൽ അംഗങ്ങൾ എന്ന നിലയിൽ ഒരു വ്യക്തി, അല്ലെങ്കിൽ വ്യക്തികൾ, നിർവ്വഹിക്കാൻ ഉദ്ദേശിച്ചിട്ടുള്ള കർത്തവ്യം എന്ന്‌ ഇവിടെ ധർമ്മത്തെ മനസ്സിലാക്കാം. ഉപജീവനാർത്ഥം, ധനസമ്പാദനാർത്ഥം, ഒരാൾ നിർവ്വഹിയ്ക്കുന്ന തൊഴിൽ എന്ന അർത്ഥത്തിൽ ധർമ്മത്തെ മനസ്സിലാക്കിയാലും വലിയ പോരായ്കയില്ല. ഉത്തരവാദിത്തത്തെ സംബന്ധിച്ച ഒരു വ്യവസ്ഥപ്പെടുത്തൽ എന്ന നിലയിൽ ധർമ്മത്തിന്‌‌ വലിയ പ്രാധാന്യമുണ്ട്‌. അർത്ഥം എന്നാൽ പണം, സമ്പത്ത്‌. ജീവിതത്തിലെ ആവശ്യങ്ങൾ നിറവേറ്റാൻ അവശ്യം വേണ്ടുന്ന ഒന്ന്‌ എന്ന നിലയിൽ പണം പ്രധാനമായിരിക്കുന്നു. കാമം എന്നതിന്‌ ജീവിതത്തിൽ പൂർത്തീകരിയ്ക്കപ്പെടേണ്ട ആഗ്രഹങ്ങൾ, ആവശ്യങ്ങൾ, സുഖങ്ങൾ എന്നെല്ലാം പൊതുവായി അർത്ഥം പറയാം. വ്യക്തി അനുഷ്ഠിയ്ക്കുന്ന ധർമ്മം, അതുനേടിത്തരുന്ന അർത്ഥം, അതുകൊണ്ട്‌ അനുഭവിയ്ക്കാനാകുന്ന കാമം എന്നിങ്ങനെ അവ പരസ്പരബന്ധിതങ്ങളായിരിക്കുന്നു. ഇവയെ ചേർത്ത്‌ ത്രിവർഗ്ഗം (ത്രിവർഗ്ഗങ്ങൾ) എന്ന്‌ പറയാറുണ്ട്‌. ‌പുരുഷാർത്ഥങ്ങളിലെ മോക്ഷത്തെ മാറ്റിനിർത്തിയാൽ ത്രിവർഗ്ഗമായി. ഏതൊരാളും ജീവിതത്തിൽ അവശ്യം തേടേണ്ട, നേടേണ്ട,കാര്യങ്ങൾ എന്ന നിലയിൽ ത്രിവർഗ്ഗം പ്രസക്തമാകുന്നു. ഈ വിഷയത്തിലാണ്‌ ‌ ഹിതാഹിതവിവേകം വേണമെന്നു നിർദ്ദേശിയ്ക്കപ്പെട്ടിരിക്കുന്നത്‌. ഹിതങ്ങളായ ധർമ്മാർത്ഥകാമങ്ങൾ അനുഭവിയ്ക്കുക, അഹിതങ്ങളായ ധർമ്മാർത്ഥകാമങ്ങൾ ഒഴിവാക്കുക. ഇക്കാര്യത്തിൽ നിരന്തരമായ പരിശ്രമം ഉണ്ടാകണം. അപ്പോൾ ഉയരാവുന്ന സംശയം എന്താണ്‌ ഹിതവും അഹിതവും എന്നതാവും. ഒരാൾ സ്വന്തം സുഖത്തിനായി ചെയ്യുന്ന കാര്യങ്ങളെ സംബന്ധിച്ചുള്ള ഒരു വിലയിരുത്തലാണ്‌ ഈ വിഷയത്തിൽ മാനദണ്ഡം. അവ മറ്റുള്ളവരെക്കൂടി, അവരുടെ സുഖത്തെക്കൂടി, പരിഗണിയ്ക്കുമെങ്കിൽ അതാണ്‌ ഹിതം. ഇതു മറിച്ചാണെങ്കിൽ അഹിതം. 'പരോപഘാതക്രിയയാ വർജ്ജയേദാർജ്ജനം ശ്രിയ:' എന്നും 'നൈകസുഖീ' എന്നും വാഗ്ഭടൻ ഓർമ്മിപ്പിയ്ക്കുന്നുണ്ടല്ലോ. 'അവനവനാത്മസുഖത്തിനാചരിയ്ക്കുന്നവയപരന്നു സുഖത്തിനായ്‌ വരേണം' എന്ന്‌ ഗുരുദേവൻ. അതിനാൽ, ധർമ്മാർത്ഥകാമങ്ങളുമായി ബന്ധപ്പെട്ട്‌ നിരന്തരം ഹിതാഹിതവിചിന്തനം നടത്തണം. മാനസമായ സുഖ‌-ദു:ഖനിർമ്മിതിയിൽ ത്രിവർഗ്ഗമല്ലാതെ മറ്റൊന്നും വിഷയമല്ല. അതുകൊണ്ട്‌ അക്കാര്യത്തിൽ ഹിതാഹിതചിന്ത ഉണ്ടായേ പറ്റൂ എന്ന്‌ ഗ്രന്ഥകാരൻ നിർദ്ദേശിക്കുന്നു. എന്നാൽ ഇത്‌ അത്ര അനായാസമാണോ? അതിനായി എന്തുചെയ്യാൻ സാധിയ്ക്കും? വ്യക്തിപരമെന്നതിനപ്പുറത്ത്‌ സാമൂഹികവും സാമ്പത്തികവും സാംസ്ക്കാരികവും ഒക്കെ ആയ മാനങ്ങളുള്ള വിഷയമാണല്ലോ ഇത്‌. അതിനാൽ നിരന്തരമായ ജാഗ്രത ഉണ്ടായാലേ പ്രായോഗികമാക്കാനാവൂ. അതിനാൽ ഇക്കാര്യത്തിൽ അറിവും പരിചയവും ഉള്ളവരെ സമീപിക്കാനും അവരുടെ ഉപദേശങ്ങൾ തേടാനും മടിയ്‌ക്കരുത്‌. അത്‌ ആചാര്യന്മാരോ ആചാര്യതുല്യരായ വ്യക്തികളാകാം, മാതാപിതാക്കളാകാം, അധ്യാപകരാകാം, മതപണ്ഡിതരാകാം, നല്ല സുഹൃത്തുക്കളാകാം, മനശ്ശാസ്ത്രജ്ഞരോ അങ്ങേയറ്റത്ത്‌ മനോരോഗവിദഗ്ദ്ധരോ ആകാം.  
സ്വന്തം നിലയ്ക്കുള്ള പരിശ്രമങ്ങളും ഉണ്ടാകണം. അതിനായി 'ആത്മദേശകുലകാലബലശക്തിജ്ഞാനം' ആർജ്ജിക്കാൻ പരിശ്രമിക്കണം എന്ന്‌ ഗ്രന്ഥകാരൻ. ആത്മജ്ഞാനം എന്നാൽ അവനവനെപ്പറ്റിയുള്ള അറിവ്‌. തന്റെ രാപ്പകലുകൾ എങ്ങനെയാണ്‌ കടന്നുപോയിക്കൊണ്ടിരിക്കുന്നത്‌? തന്റെ ‌ കഴിവിനൊത്ത കാര്യങ്ങളിൽത്തന്നെയല്ലേ താൻ ഇടപെടുന്നത്‌? സ്വധർമ്മം ഹിതകരമായി, വേണ്ടവണ്ണം, നിർവ്വഹിയ്ക്കുന്നുണ്ടോ? അതിന്‌ തടസ്സങ്ങളുണ്ടാകുന്നുണ്ടോ? കണ്ടും കേട്ടും അനുഭവിച്ചും തനിയ്ക്കുള്ളതായ അറിവിന്റെ ഓർമ്മകൾ തന്റെ പ്രവൃത്തികൾക്ക്‌ വഴികാട്ടുന്നില്ലേ? എന്നിങ്ങനെപോകുന്നു 'അവനവൻചിന്ത'യുടെ മേഖലകൾ. ദേശജ്ഞാനം എന്നാൽ ധർമ്മനിർവ്വഹണം നടക്കുന്ന സ്ഥലത്തെപ്പറ്റിയുള്ള ബോധം. അത്‌ ചിലപ്പോൾ ഒരു ഓഫീസ് പോലെ തികച്ചും ചെറുതും പ്രാദേശികവും ആയ സ്ഥലപരിഗണനയാകാം. മറ്റുചിലപ്പോൾ, അതിനപ്പുറം കടന്ന്‌ സമൂഹത്തിലെ വലിയ ഇടങ്ങളേയും - ഉദാഹരണത്തിന്‌ സംസ്ഥാനം, രാജ്യം തുടങ്ങിയവ- കണക്കാക്കേണ്ടിവരാം. എല്ലായ്പ്പോഴും, ഏതിടത്താണ്‌ എന്നതനുസരിച്ചുവേണം പ്രവർത്തിക്കാൻ. കുലം എന്നത്‌ ഒരു പരമ്പരയെയോ പൈതൃകത്തെയോ സൂചിപ്പിക്കുന്നു. ഇത്‌ ജന്മം കൊണ്ട്‌ നേടുന്നത്‌ എന്ന അർത്ഥത്തിലാവണമെന്നില്ല. ഒരു തൊഴിൽമേഖലയെ ആകപ്പാടെ ഒരു കുലം എന്നുസൂചിപ്പിക്കാറുണ്ടല്ലൊ, വൈദ്യകുലം എന്നപോലെ. അതനുസരിച്ചാവും ധർമ്മം, ഉത്തരവാദിത്തം. കാലം എന്നത്‌ അളന്ന്‌ തിട്ടപ്പെട്ടുത്താൻ കഴിയുന്ന വണ്ണമുള്ള സമയത്തിന്റെ തരത്തിലോ ഒരു അവസ്ഥ എന്ന നിലയിലോ ആവാം. സെക്കന്റ്‌ മിനിറ്റ്‌ എന്നിങ്ങനെ തുടങ്ങി‌ ദിവസവും മാസവും വർഷവും ഒക്കെ ആയി പുരോഗമിയ്ക്കുന്നതാണ്‌ സമയത്തിന്റെ ആദ്യത്തെ തരമെങ്കിൽ, പുതിയത്‌ പഴയത്‌ മൂത്തത്‌ ഇളയത്‌ ഇന്നലെ ഇന്ന്‌ നാളെ എന്നിങ്ങനെയുള്ള വ്യവഹാരങ്ങളാണ്‌ രണ്ടാമത്തെ തരത്തെ വെളിവാക്കുന്നത്‌. കാലബോധം, സമയചിന്ത പ്രവൃത്തിയുടെ കാര്യത്തിൽ ഏറെ നിർണ്ണായകമാകുമല്ലോ. ഇനി ബലവും ശക്തിയും ആണ്‌‌. ഈ രണ്ടുപദങ്ങളും ഒരേ ആശയത്തെയാണ്‌ സൂചിപ്പിയ്ക്കുന്നത് എന്ന്‌ ഒറ്റനോട്ടത്തിൽ തോന്നാം. എന്നാൽ ശക്തി കർമ്മകരണശേഷിയേയും ബലം ആ ശക്തികൊണ്ടുള്ള പ്രവൃത്തിയെ, അല്ലെങ്കിൽ തന്റെ ശക്തി മറ്റൊരു വ്യക്തിയുടെ/വസ്തുവിന്റെ/സന്ദർഭത്തിന്റെ മേൽ, അതിന്റെ സ്വഭാവത്തെ സ്വാധീനിക്കത്തക്കവിധത്തിൽ ചെലുത്തുന്നതിനെ ആണ്‌ സൂചിപ്പിയ്ക്കുന്നത്‌ എന്നുപറയാം. തന്റെ ശക്തിയേയും ബലത്തേയും കുറിച്ച്‌ അറിവുണ്ടായിരിക്കുക എന്നത്‌ കർത്തവ്യനിർവ്വഹണത്തിൽ ഏറെ പ്രധാനമാകുന്നു. ഈ ആത്മാദിജ്ഞാനം ഉണ്ടായിരിക്കുക എന്നത് ത്രിവർഗ്ഗത്തിലെ‌‌ ഹിതാഹിത വിവേകത്തിന്‌ അനിവാര്യമാകുന്നു. (ആത്മാദിജ്ഞാനത്തെ പുതിയ മാനേജ്മെന്റ്‌ ശൈലിയിൽ നോക്കിയാൽ നിരന്തരം നടക്കുന്ന ഒരു SWOT Analysis എന്ന് വേണമെങ്കിൽ പറയാം). 'മാനസവ്യാധിപരീത'നായ വ്യക്തിപോലും ഇക്കാര്യങ്ങളിലെല്ലാം പ്രയത്നിയ്ക്കണം എന്നാണ്‌ മുനി ഉപദേശിയ്ക്കുന്നത്‌. ആരാണ്‌ മാനസവ്യാധിപരീതൻ? മാനസരോഗങ്ങളാൽ ചുറ്റപ്പെട്ടവൻ. കാമം, ക്രോധം, ഭയം എന്നിങ്ങനെയുള്ള വികാരങ്ങളാണല്ലോ മാനസരോഗങ്ങൾ. ഒറ്റയ്ക്കോ കൂട്ടുചേർന്നോ ഉള്ള അവയുടെ വലയത്തിനകത്ത്‌ പെട്ടുപോയവനാണ്‌ മാനസരോഗപരീതൻ. കാമക്രോധഭയാദികളിലകപ്പെട്ട്‌ നിലതെറ്റുമെന്നായവൻ എന്നർത്ഥം. അത്തരക്കാർക്കുപോലും ഈ വഴി പിന്തുടരുന്നതായാൽ അവയിൽനിന്നും പുറത്തുകടക്കാമെന്നാണ്‌ ഗ്രന്ഥകാരാൻ നിരീക്ഷിയ്ക്കുന്നത്‌. അപ്പോൾ അത്തരക്കാർക്കുമാത്രമാണോ ഇതിന്റെ ആവശ്യവും പ്രയോജനവും? അങ്ങനെയല്ല. തത്ക്കാലം നിലതെറ്റാത്തവരും ഇക്കാര്യങ്ങളിൽ ശ്രദ്ധിച്ചുകൊണ്ട്‌ പ്രവർത്തിക്കുമെങ്കിൽ പരിതാപകരമായ ആ ദുർഘടസ്ഥിതിയിൽ അകപ്പെടാതെനോക്കാം.  
വാഗ്ഭടൻ തന്റെ ഗ്രന്ഥാരംഭത്തിൽ പറയുന്ന രാഗാദിരോഗങ്ങളെ ഓർക്കുക. അവയെ മറികടക്കലാണ്‌ ലക്ഷ്യം. ഉപായം ധർമ്മാർത്ഥകാമങ്ങളിലെ ഹിതാഹിതവിവേകം പരിശീലിക്കുക എന്നതുതന്നെ. ലക്ഷ്യം‌ ശരിയായ അർത്ഥത്തിലുള്ള മാനസിക രോഗപ്രതിരോധവും. സമദോഷാദ്യവസ്ഥകൾക്കൊപ്പം പ്രസന്നാത്മേന്ദ്രിയമനസ്‌ത്വവും ആയാലേ സ്വാസ്ഥ്യം പൂർണ്ണമായ അർത്ഥത്തിൽ അനുഭവിയ്ക്കാനാവൂ. അതുതന്നെയാണ്‌ ഈ രോഗപ്രതിരോധചിന്തയുടെ പ്രസക്തി.
(ഔഷധം ഫെബ്രുവരി 2023)

Comments