ആയുർവേദം വേറിട്ടൊരു വൈദ്യശാസ്ത്രശാഖയായിട്ടാണ് പൊതുവിൽ കരുതിപ്പോരുന്നത്. എന്നാൽ ആയുർവേദത്തെ വേറിട്ടതാക്കുന്നത് എന്താണ് ? എന്തിൽനിന്ന് വേറിട്ടത് എന്നാണ് ഇവിടെ ഉദ്ദേശിയ്ക്കുന്നത്?

 ആയുർവേദത്തിലെ ശാരീരം 



ആയുർവേദം വേറിട്ടൊരു വൈദ്യശാസ്ത്രശാഖയായിട്ടാണ് പൊതുവിൽ കരുതിപ്പോരുന്നത്.  ‘ആൾട്ടർനേറ്റീവ് മെഡിസിൻ’ എന്ന വിഭാഗത്തിൽ ആണ് ആയുർവേദത്തിന് സ്ഥാനം.  എന്നാൽ       ആയുർവേദത്തെ വേറിട്ടതാക്കുന്നത് എന്താണ് ? എന്തിൽനിന്ന് വേറിട്ടത്  എന്നാണ് ഇവിടെ ഉദ്ദേശിയ്ക്കുന്നത്?  ഇതൊരു പ്രധാന അന്വേഷണമാണ് എന്ന് തോന്നുന്നു.  അതാണ് ഈ കുറിപ്പിന്റെ കേന്ദ്ര വിഷയം.   

ഏതൊരു സമ്പ്രദായത്തെ സംബന്ധിച്ചും സൈദ്ധാന്തികവും പ്രയോഗപരവുമായ മൗലികതയാണ് അതിന്റെ വ്യക്തിത്വം.  രോഗാരോഗ്യങ്ങളെ ചർച്ച ചെയ്യുന്ന ആരോഗ്യശാസ്ത്രമെന്ന നിലയിൽ മറ്റ് വൈദ്യശാസ്ത്രശാഖകളെ അപേക്ഷിച്ച് എന്ത് മൗലികതയാണ് ആയുർവേദത്തിനുള്ളത് ? അതാണ് അന്വേഷിക്കേണ്ടത്.   അങ്ങനെ ഒന്നില്ല എങ്കിൽ വേറിട്ടൊരു വൈദ്യശാസ്ത്രമായി നിൽക്കാൻ വേണ്ട യോഗ്യത ആയുർവേദത്തിന് ഇല്ല എന്നർത്ഥം.   എന്നാൽ അതല്ല സ്ഥിതി.  ആയുർവേദം നിലനിൽക്കുന്നുണ്ട്, അതിനെ ‘ആൾട്ടർനേറ്റീവ് മെഡിസിൻ’  ആയി എമ്പാടും അംഗീകരിയ്ക്കുന്നുമുണ്ട്.  അതിന് ധാരാളം ആവശ്യക്കാരും ഉണ്ട്.  അപ്പോൾ അതിന്റെ സിദ്ധാന്തത്തിലും പ്രയോഗത്തിലും മുഖ്യധാരാവൈദ്യമായ അലോപ്പതിയിൽ നിന്ന് വേറിട്ടുനിൽക്കുന്ന എന്തോ ചിലതുണ്ട് എന്ന് മനസ്സിലാക്കണം.  അത് എന്താണ്? 


ശരീരസങ്കൽപം: വ്യത്യാസത്തിന്റെ കേന്ദ്രം 


ശരീരം എന്ന ആശയത്തിലാണ് ഇപ്പറഞ്ഞ വ്യത്യാസം പ്രധാനമായും വ്യക്തമാകുന്നത്.  ആധുനിക പാശ്ചാത്യ വൈദ്യമായ അലോപ്പതിയിലെ ശരീരം ആയുർവേദത്തിന് സ്വീകാര്യമല്ല.  കോശങ്ങളും കോശസമൂഹങ്ങളും അവയവങ്ങളും ചേരുന്ന ഒരു ശരീരമാണ് അലോപ്പതിയ്യിലേത്. എന്നാൽ ആയുർവേദത്തെ സംബന്ധിച്ച് ദോഷ-ധാതു-മലാ മൂലം സദാ ദേഹസ്യ - ദോഷധാതുമലങ്ങളാകുന്നു  ശരീരത്തിന്റെ ആധാരം - എന്നതാണ് സ്വീകാര്യം.   ആയുർവേദത്തിലെ രോഗാരോഗ്യങ്ങളെക്കുറിച്ചുള്ള ചർച്ച ദോഷ-ധാതു-മലങ്ങളാൽ രൂപപ്പെടുന്ന ഒരു ശരീരത്തെ മുൻനിർത്തിയാണ് .  പാഞ്ചഭൗതികമായ ഒന്നാണ് ഈ ശരീരം. പഞ്ചഭൂതസിദ്ധാന്തം ആയുർവേദത്തിലെ ഒരു അടിസ്ഥാന ആശയമാണ്.  സ്വാഭാവികദ്രവ്യങ്ങളെല്ലാം അഞ്ചുഭൂതങ്ങളാൽ നിർമ്മിതമാണ് എന്നും എല്ലാ ദ്രവ്യങ്ങളിൽ എല്ലാ ഭൂതങ്ങളും ഉണ്ടെന്നും ഭൂതങ്ങളുടെ അളവിലും വിന്യാസക്രമത്തിലും അവ വിധേയമാകുന്ന പാകപരിണാമങ്ങളിലും ഉള്ള സവിശേഷതകളാണ് ഓരോ വസ്തുവിനേയും നിസ്തുലമാക്കുന്നത് എന്നും ഉള്ള ആശയമാണ് പഞ്ചഭൂതസിദ്ധാന്തത്തിന്റെ കേന്ദ്രബിന്ദു.  ആയുർവേദം മുന്നോട്ടുവയ്ക്കുന്ന സങ്കൽപ്പം, പ്രപഞ്ചവും ജീവശരീരവും ഒരേ ഘടകങ്ങൾ - ഭൂതങ്ങൾ - കൊണ്ട് നിർമ്മിക്കപ്പെട്ടിരിക്കുന്നത് എന്നതാണ്.  ഇത് ഒട്ടേറെ ദാർശനികമാനങ്ങളുള്ള, അത്ര  ചെറുതല്ലാത്ത ഒരു ബോധ്യമാണ്.  പാശ്ചാത്യവൈദ്യത്തിന്റെ വഴിയെ അല്ല ഇവിടെ ആയുർവേദത്തിന്റെ സഞ്ചാരം. 


ത്രിദോഷസിദ്ധാന്തവും ജീവശരീരവും


ജീവന്റെ സാന്നിധ്യത്തിൽ എങ്ങനെയാണ് അഞ്ച് ഭൂതങ്ങൾ ഒരു ജീവശരീരത്തിൽ പ്രത്യേക തരത്തിൽ ഗണങ്ങളായി തിരിഞ്ഞു പ്രവർത്തനോന്മുഖങ്ങളായ തത്വങ്ങളായി വികസിക്കുന്നത് എന്ന ആലോചനയാണ് ത്രിദോഷസിദ്ധാന്തത്തിന്റെ അടിസ്ഥാനമായി വർത്തിയ്ക്കുന്നത്.  ഇതിന് സമാന്തരമായ ആശയങ്ങൾ പാശ്ചാത്യവൈദ്യത്തിലില്ല.  മാത്രമല്ല, ഇതെല്ലാം വെറും സങ്കല്പങ്ങളോ കഥകളോ ആണെന്ന് കരുതാൻ മാത്രമേ അവരുടെ യുക്തി അവരെ അനുവദിക്കുകയുള്ളൂ. അവ പ്രത്യക്ഷത്തിൽ കാണാനോ അവയെ അളക്കാനോ പറ്റാത്തവയാണ് എന്നതാവാം കാരണം.  എന്നാൽ ത്രിദോഷസിദ്ധാന്തം ആയുർവേദത്തിലെ ശരീരനിർമ്മിതിയിൽ ഏറ്റവും പ്രധാനപ്പെട്ടത്താണ്.  ഇത്തരം സങ്കൽപ്പങ്ങളും അവയ്ക്കനുസരിച്ച് നിർമ്മിച്ച സിദ്ധാന്തങ്ങളും ഉപയോഗിച്ചാണ് ആയുർവേദത്തിൽ  ശരീരപഠനംവും രോഗപഠനവും ചികിത്സാസമീപങ്ങളും എല്ലാം നിർമ്മിച്ചെടുക്കുന്നത്.  

വാത-പിത്ത-കഫങ്ങളോരൊന്നിനെയും  അവയുടെ സ്ഥാനം, നാമം, കർമ്മം, ലക്ഷണങ്ങൾ എന്നിവയെ അടിസ്ഥാനപ്പെടുത്തി അഞ്ചുതരത്തിൽ വിഭാഗം ചെയ്ത് സൂക്ഷ്മമായി വിവരിക്കുന്ന ഒരു സമ്പ്രദായം ആയുർവേദത്തിലെ  ശരീര-രോഗവിജ്ഞാനങ്ങളിലുണ്ട്.  ശരീരം അതിന്റെ സ്വാഭാവികസ്ഥിതിയിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നും ആതുരമാകുമ്പോൾ എന്തെല്ലാം തരത്തിൽ അതിന് വരുന്ന മാറ്റങ്ങൾ എന്തെല്ലാം എന്നും സൂക്ഷ്മമായി അറിയുന്നതിന് ഈ ദോഷചിന്തയാണ് വൈദ്യനെ സഹായിയ്ക്കുന്നത്.  അതുപോലെ മൂന്ന് രോഗമാർഗങ്ങൾ എന്ന ആശയവും ഏറെ പ്രാധാന്യമുള്ളതാണ്.  ആഴത്തിലാലോചിച്ചാൽ രോഗസാദ്ധ്യതകളെ മുൻനിർത്തി ശരീരത്തിന്റെ ഒരു സവിശേഷഭൂപടം തയ്യാറാക്കുകയാണ് രോഗമാർഗങ്ങൾ എന്ന സങ്കൽപം കൊണ്ട് ചെയ്യുന്നത്.  ഇത് വൈദ്യന് രോഗനിർണ്ണയത്തിലും ചികിത്സയിലും നൽകുന്ന പിന്തുണയും സ്വാതന്ത്ര്യവും അതുപോലെത്തന്നെ കൃത്യതയും ചെറുതല്ല.  


“ശരീരം ഒന്നേ ഉള്ളൂ” എന്ന വാദത്തിന്റെ പരിമിതി

  

ശരീരസങ്കൽപത്തിലെ മൗലികതയാണ് ആയുർവേദത്തിന്റെ മൗലികത എന്നതാണ് ഈ കുറിപ്പിൽ സമർത്ഥിയ്ക്കുന്ന കേന്ദ്ര ആശയം.  ഇതുപറയുമ്പോൾ, പലപ്പോഴും ഉയരാറുള്ള ഒരു മറുവാദമുണ്ട്.  ശരീരം ഒന്നേ ഉള്ളൂ എന്നിരിക്കെ, അങ്ങനെയാണ് വ്യത്യസ്തങ്ങളായ ശാരീരപാഠങ്ങൾ ഉണ്ടാവുക എന്നതാണത്.  ശരീരം ഒന്നേ ഉള്ളൂ എന്നത് ശരിയായ നിലപാടാണ് എന്ന് തോന്നുന്നില്ല.  പ്രകരണം അനുസരിച്ച്, ആവശ്യം അനുസരിച്ച്, ഓരോ ശാസ്ത്രത്തിലും സങ്കൽപ്പിക്കപ്പെട്ടിട്ടുള്ള ശരീരം വ്യത്യസ്തമാണ്.  ഉദാഹരണത്തിന്, യോഗശാസ്ത്രത്തിലെ ശരീരം ആ ദർശനമനുസരിച്ച് നിർണ്ണയം ചെയ്യപ്പെട്ടിട്ടുള്ളതും, അതിലെ പ്രയോഗപദ്ധതിയ്ക്ക് ഇണങ്ങുന്നതുമാണ്.  അതിന് മറ്റൊരു ദർശനപദ്ധതിയിലെ  ശരീരവുമായി ഒരുമ ഉണ്ടാകണമെന്നില്ല.  അതുപോലെ, സിദ്ധവൈദ്യം, കളരി, തന്ത്രം, എന്നിങ്ങനെയുള്ള വിജ്ഞാന ശാഖകളിലെ ‘ശരീര’വും പരസ്പരം ഒത്തുപോകണമെന്നില്ല.  അതുപോലെത്തന്നെയാണ് ആയുർവേദത്തിലെ ശരീരം ഇതര വൈദ്യശാഖകളിലെ ശരീര സങ്കൽപ്പങ്ങളിൽ നിന്ന് വേറിട്ടുനിൽക്കുന്നതും.  സമഗ്രമായി ആയുർവേദം പഠിക്കുകയും പ്രയോഗിക്കുകയും ചെയ്യണമെന്നുണ്ടെങ്കിൽ ആയുർവേദ ദർശനപദ്ധതിയനുസരിച്ചുള്ള ശരീര സങ്കൽപ്പത്തെ നിർബന്ധമായും പിൻപറ്റണം. ഇത് ഒരു ഐച്ഛികനിലപാടല്ല, അടിസ്ഥാനോപാധിയാണ്. 

 

ക്ലിനിക്കൽ ഉദാഹരണങ്ങൾ: ശരീരസങ്കൽപത്തിന്റെ പ്രായോഗികത


ലളിതമായ ചില ഉദാഹരണങ്ങൾ കൊണ്ട് ഈ ആശയത്തെ പരിശോധിക്കാം.  സ്വാഭാവിക നിലയിൽ ഉള്ള അതിന്റെ സഞ്ചാരഗതി (അനുലോമഗതി)യ്ക്ക് തടസ്സം നേരിട്ടാൽ വായു എന്ന ദോഷം  വിപരീത ദിശയിൽ (പ്രതിലോമഗതി) സഞ്ചരിക്കുമെന്നും അത്  തുടർന്നുനിന്നാൽ നിരവധി രോഗങ്ങൾക്ക് കാരണമായിത്തീരുമെന്നും ഉള്ള ആശയം ആയുർവേദത്തിന്റെ തനത് ശാരീരത്തെ മുൻനിർത്തിയുള്ളതാണ്.   കുഴപ്പം പിടിച്ച പല രോഗാവസ്ഥകളിലും ഈ ആശയം കൃത്യമായ നിർണയങ്ങളിൽ എത്തിച്ചേരാൻ വൈദ്യനെ സഹായിക്കുന്നുണ്ട്.  ഇവിടെ, പാശ്ചാത്യവൈദ്യത്തിലെ ശാരീരവിജ്ഞാനം പിന്തുടരുന്ന ഒരാൾക്ക് ലഭിക്കുന്ന ഉൾക്കാഴ്ചയല്ല ആയുർവേദ വൈദ്യന്റേത് എന്ന് കാണാൻ ബുദ്ധിമുട്ടില്ല.  അടുത്തിടെ ഉണ്ടായ ഒരു അനുഭവം പറയാം.  പ്രായമായ ഒരു വനിത യോനീദേശത്ത് വേഗസ്വഭാവമുള്ള കടുത്ത വേദനയോട് കൂടിയ സങ്കോചങ്ങൾ മൂലം  ചികിത്സയ്ക്കെത്തി.  ഇവരിൽ എപ്പോഴൊക്കെ ഈ സങ്കോചങ്ങൾ സവേഗങ്ങളായി പ്രത്യക്ഷപ്പെടുമോ അപ്പോഴെല്ലാം സമാനമായ വേഗങ്ങൾ മുഖത്തും ഉണ്ടാകുമായിരുന്നു.  ഇതിൽ ചികിത്സയായി വസ്തി നിശ്ചയിച്ച സമയത്ത് പരിശീലനം നേടുന്ന യുവചികിത്സകരിലൊരാൾ എന്താണതിന്റെ അടിസ്ഥാനം എന്നാരാഞ്ഞു.  ചികിത്സയുടെ ഫലം എന്തെന്നറിയും വരെ കാത്തുനിൽക്കാൻ തീരുമാനിച്ചുകൊണ്ട് ഞങ്ങൾ മുമ്പോട്ട് പോയി. വസ്തിചികിത്സ പുരോഗമിക്കുംതോറും യോനീദേശത്തെയും അതിനൊപ്പം മുഖത്തെയും സങ്കോചങ്ങൾ കുറഞ്ഞുവന്നു.  എങ്ങനെയാണ് യോനീദേശത്തെ സങ്കോചത്തോടൊപ്പം മുഖത്തെ സങ്കോചങ്ങളും കുറയുക? അപാനവായുവിലായിരുന്നു ഇവിടെ പ്രധാനശ്രദ്ധ.  അപാനവൈഗുണ്യം, അപാനാവൃതവ്യാനൻ ഇങ്ങനെ രണ്ട് ഘടകങ്ങളെ അഭിമുഖീകരിക്കേണ്ടിയിരുന്നു.  വസ്തിയുടെ തെരഞ്ഞെടുപ്പിനുള്ള കാരണവും അതുതന്നെയായിരുന്നു.  പ്രതിലോമഗതിയായ അപാനവായുവിനെ ചികിത്സിക്കുമ്പോൾ ക്രമത്തിൽ മറ്റെല്ലാ വായുക്കളും അനുലോമഗതികളാകുകയും വ്യാനൻ ആവരണത്തിൽ നിന്നും മുക്തനാകുകയും ക്രമത്തിൽ രോഗശമനം കൈവരികയും ചെയ്തു. ഇവിടെ  സമഗ്രവും സൂക്ഷ്മവും ആയ രോഗനിർണ്ണയത്തിന് ആയുർവേദത്തിന്റെ തനതായ ശാരീരത്തെ ആണ് അടിസ്ഥാനമാക്കുന്നത്.  

ചികിത്സാനിർണയത്തിലും തനത് ശാരീരം  പ്രധാനമാണ്.  ഇവിടെയും ഒരുദാഹരണം പരിശോധിക്കാം.  പക്വാശയത്തിൽ രൂക്ഷപ്രധാനമായ വാതകോപം ദീർഘകാലംമായി നിലനിൽക്കുമ്പോൾ പല ലക്ഷണങ്ങളും ഉണ്ടാകാറുണ്ട്.  ഇവയിൽ പലതും സന്ദർഭത്തിന്റെയും രോഗിയുടെയും മുൻഗണനകൾ അനുസരിച്ച് സ്വതന്ത്രരോഗങ്ങളായി നിർണയം ചെയ്യപ്പെടാറുമുണ്ട്.  “തത്ര പക്വാശയേ ക്രുദ്ധ: ശൂലാനാഹാന്ത്രകൂജനം മലരോധാശ്മവർധ്മാർശത്രികപൃഷ്ഠ കടീഗ്രഹം കരോത്യധരകായേ ച താംസ്താൻ കൃച്ഛ്രാനുപദ്രവാൻ” എന്ന നിരീക്ഷണം ഓർക്കുക.  ഇപ്പറഞ്ഞവയിൽ പലതും പ്രധാനരോഗങ്ങൾ എന്ന നിലയിൽ ചികിത്സയ്ക്കെത്തുന്നത് അപൂർവമല്ല.  അക്കൂട്ടത്തിൽ പ്രധാനപ്പെട്ട ഒന്നാണല്ലോ കടീഗ്രഹം.  ഒരു സന്ധ്യാശ്രിതരോഗം എന്ന നിലയിൽ ചികിത്സിക്കുവാൻ വൈദ്യനെ ഏറെ പ്രലോഭിപ്പിക്കുന്ന ഒന്നാണ് കടീഗ്രഹം.  രോഗിയുടെ വേദനകളും ദുരിതവും ഇതിന് പ്രേരകമാവുകയും ചെയ്യും.  എന്നാൽ ഒരു സ്വതന്ത്രവ്യാധി എന്ന നിലയിൽ പരിഗണിക്കേണ്ട ഒന്നാണോ രോഗസന്ദർഭം എന്ന് നല്ലപോലെ നിശ്ചയിച്ചുറപ്പിച്ചില്ല  എങ്കിൽ പിഴവുപറ്റും.  ഇക്കാര്യത്തിൽ പക്വാശയത്തിലെ വായുവിന്റെ ദീർഘകാലസ്ഥിതി എന്ത് എന്ന അന്വേഷണം പ്രധാനമാണ്.  പക്വാശയത്തിൽ രൂക്ഷപ്രധാനമായ വാതകോപം ഏറെക്കാലമായി നിലനിൽക്കുന്നു എങ്കിൽ അതിനാണ് അടിസ്ഥാനചികിത്സ വേണ്ടത്.  അത്തരം സന്ദർഭത്തിൽ, കടീഗ്രഹം ഒരു സ്വതന്ത്ര രോഗം എന്ന നിലയിൽ പരിഗണന അർഹിക്കുന്നില്ല. പക്വാശയത്തിലെ വായുവിനെ സ്സ്നിഗ്ദ്ധത കൊണ്ട് ശമിപ്പിക്കുക എന്നതാണ് സമീപനം.  ഗന്ധർവഹസ്താദി കഷായം ആവണക്കെണ്ണ ചേർത്ത് കൊടുക്കുക, സ്ഥാനവിശേഷത്തേക്കൂടി പരിഗണിച്ച് കരിനൊച്ചിയിലനീരിൽ  ആവണക്കെണ്ണ കൊടുക്കുക എന്നിവയൊക്കെയാണ് ഇതിൽ തുടക്കത്തിലേ ചെയ്യാറുള്ളത്.  ആശുപത്രിച്ചികിത്സ ചെയ്യുന്നുവെങ്കിൽ സ്നേഹവസ്തിയാണ് നല്ലത്. പകരം കടീവസ്തി, കിഴി എന്നീ ചികിത്സകൾ തുടക്കത്തിലേ ചെയ്യുന്നതായാൽ തൽക്കാലശമനം തോന്നുമെങ്കിലും സുസ്ഥിരമായ പ്രയോജനം കിട്ടുകയില്ല. ഇവിടെ രോഗമാർഗങ്ങൾ എന്ന ആശയമാണ് വൈദ്യനെ വഴിപിഴയ്ക്കാതെ നടത്തുന്നത്.  ആയുർവേദത്തിന്റെ സ്വതന്ത്രമായ ശരീരചിന്തയാണ് ഇതിനാധാരം.  

ഒരു ഉദാഹരണം കൂടി പറഞ്ഞുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം.  ധാതുപരിണാമത്തെ സംബന്ധിച്ച ആശയം പരിശോധിക്കുക.  ഇതനുസരിച്ച് രസം എന്ന ആദ്യധാതുവാണ് ക്രമത്തിൽ മറ്റ് ധാതുക്കളായി പരിണമിക്കുന്നത്.   രസത്തിലെ തകരാറ്, അതുകൊണ്ടുതന്നെ, ക്രമത്തിൽ എല്ലാ ധാതുക്കളിലെയും വ്യാപിക്കുന്നു.  കോഷ്ഠത്തിലെ അഗ്നിയുടെ സ്ഥിതി രസത്തിന്റെ സ്വഭാവത്തെ നേരിട്ട് സ്വാധീനിക്കുന്ന ഒന്നാണ്.  ദോഷത്താൽ  അഗ്നിയും അഗ്നിയാൽ രസവും ദുഷിപ്പിക്കപ്പെട്ടാൽ  മറ്റെല്ലാ ധാതുക്കളിലും ക്രമത്തിൽ ദുഷ്ടി സംഭവിയ്ക്കുകയും ദുഷിപ്പിക്കുകയും അത് പലവിധത്തിലുള്ള രോഗങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്യും.  “പ്രതിരോഗമിതി ക്രുദ്ധാ: രോഗാധിഷ്ഠാന ഗാമിനീ രസായനീ പ്രപദ്യാശു ദോഷാ: ദേഹേ വികുർവ്വതേ” എന്ന നിരീക്ഷണത്തിനുപിന്നിലെല്ലാം ഈ ആശയം ഉണ്ട്.  ഏതുരോഗത്തിന്റെ ചികിത്സയിലും അഗ്നിയെ പരിഗണിയ്ക്കുക,  അതുവഴി രസധാതുവിന്റെയും അങ്ങനെ മുഴുവൻ ധാതുക്കളുടെയും ശുദ്ധി, വൈമല്യം, ഉറപ്പാക്കുക  എന്ന അടിസ്ഥാനസമീപനം ഇത്തരമൊരു ധാതുപരിണാമസങ്കൽപ്പത്തെ കേന്ദ്രസ്ഥാനത്ത് നിർത്തുന്ന  ശരീരചിന്തയിൽ നിന്നാണ് ഉണ്ടാകുന്നത്.  

ഇതുപോലെ, ഒരു രോഗത്തിന്റെ സാധ്യസാധ്യത നിർണ്ണയിക്കുന്ന വിഷയത്തിൽ, കൃത്യതയോടെ ഔഷധം/ചികിത്സ നിശ്ചയിക്കുന്ന കാര്യത്തിൽ, എല്ലാം തന്നെ വൈദ്യന് കൈമുതലാകുന്നത് ആയുർവേദത്തിന്റെ തനത് ശരീരസങ്കല്പമാണ്.  

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും, ആയുർവേദത്തിലെ ശരീരത്തെ ആധുനിക പാശ്ചാത്യവൈദ്യത്തിലെ ശരീരവുമായി താരതമ്യം ചെയ്തും കൂട്ടിക്കുഴച്ചുമാണ് ഇന്ന് പൊതുവിൽ കൈകാര്യം ചെയ്യുന്നത്. കുറേക്കൂടി വസ്തുനിഷ്ഠമാണെന്ന പ്രതീതിയിൽ പാശ്ചാത്യവൈദ്യത്തിലെ ശാരീരം ആധികാരികത നേടുന്നു. ഇതിന്റെ തുടർച്ചയായി, ആയുർവേദഗ്രന്ഥങ്ങളിലെ ശരീരവർണ്ണനകളെ അശാസ്ത്രീയമെന്ന്  ലേബൽ ചെയ്യുക എന്ന സമീപനവും വ്യാപകമായി പ്രചരിക്കുന്നു.

ഇത്തരം നിലപാടുകൾ പ്രചരിപ്പിക്കുന്നവരുടെ കൂട്ടത്തിൽ ആയുർവേദവിരോധികളും അജ്ഞരും മാത്രമല്ല, ഗൗരവമായി ആയുർവേദം കൈകാര്യം ചെയ്യുന്നവരും മുതിർന്ന അധ്യാപകർ തന്നെയും ഉണ്ടെന്നതാണ് ഭയപ്പെടുത്തുന്ന യാഥാർഥ്യം. ആധുനികകാലത്തെ ഒരു വിദ്യാർത്ഥിയും ശാരീരം എന്ന പേരിൽ ആയുർവേദഗ്രന്ഥങ്ങളിൽ വിവരിച്ചിരിക്കുന്ന “അബദ്ധങ്ങൾ” പഠിക്കരുതെന്നുവരെ അവർ താക്കീത് ചെയ്യുന്നു. പകരം, ആധുനിക പാശ്ചാത്യ ശാരീരമാണ് ഏത് വൈദ്യശാസ്ത്രത്തിനും അടിസ്ഥാനമാകേണ്ടത് എന്നാണ് അവരുടെ പക്ഷം.

ഒരുപക്ഷേ, ആയുർവേദത്തെ തീർത്തും അപ്രസക്തവും വൈകാതെത്തന്നെ അപ്രത്യക്ഷവും ആക്കുന്നതിൽ ഏറ്റവും തന്ത്രപരമായ നീക്കം അതിലെ ശാരീരത്തെ അപമാനിച്ച് ചവറ്റുകുട്ടയിലെറിയുക എന്നതാണ് എന്ന ബോധ്യമായിരിക്കും ഇതിന് പിന്നിൽ.  ഇത് ഏറെ ജാഗ്രത ആവശ്യപ്പെടുന്ന ഒരു വിഷയമായി തിരിച്ചറിയപ്പെടണം. ആയുർവേദത്തെ സംബന്ധിച്ച് ഏതെങ്കിലും ഒരു മേഖലയിൽ മാത്രം ഒതുങ്ങിനിന്നുകൊണ്ട് ഈ വിഷയം കൈകാര്യം ചെയ്യാനാവില്ല. വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും ചികിത്സാപ്രയോഗത്തിലും ഒരുപോലെ അതിന്റെ തനത് ശാരീരത്തെ തിരിച്ചുപിടിക്കാനാകണം.  ആയുർവേദത്തെ “ആധുനികമാക്കുക” എന്നത് അതിന്റെ ശരീരസങ്കൽപത്തെ ഉപേക്ഷിക്കുന്നതല്ല; മറിച്ച് അതിനെ കൂടുതൽ വ്യക്തതയോടെ മനസ്സിലാക്കുകയും, നിത്യനൂതനമായി പ്രയോഗിക്കുകയും ചെയ്യുക എന്നതാണ്.  

ആയുർവേദത്തിന്റെ തനത് ശാരീരത്തെ ഗൗരവത്തോടെ ഏറ്റെടുക്കുന്ന ഒരു പഠനഗവേഷണചികിത്സാസംസ്കാരം രൂപപ്പെടുമ്പോൾ മാത്രമേ ശാസ്ത്രം കാലത്തിനൊപ്പം സഞ്ചരിക്കുകയുള്ളൂഅതിന്റെ ആത്മാവിനെ നഷ്ടപ്പെടാതെ.


(2026 ഫെബ്രുവരി ലക്കം ഔഷധം)

Comments