യുവ വൈദ്യന്മാർക്കൊരു പ്രകടനപത്രിക (2025 ആഗസ്റ്റ് ലക്കം പാഠഭേദം മാസികയിൽ പ്രസിദ്ധീകരിച്ചത്)
യുവ വൈദ്യന്മാർക്കൊരു പ്രകടനപത്രിക
(ആത്മാഭിമാനത്തിന്റെ പത്ത് നയരേഖകൾ )
1. സ്വയം അറിയുക
നിങ്ങളൊരു മെക്കാനിക്കല്ല. ഒരു സമാന്തര ചികിത്സകനുമല്ല. മറിച്ച് നിങ്ങളൊരു വൈദ്യനാണ്. കാലത്തിന്റെ അജ്ഞാതമായ ഏതോ ഒരു കടവിൽ നിന്നാരംഭിച്ച ഒരു മഹാജ്ഞാന പ്രവാഹത്തിന്റെ പതാകാവാഹകൻ. ആയുസ്സിന്റെ കാവൽക്കാരൻ, മനുഷ്യയാതനകളിൽ കൂട്ടാളിയാകുന്ന യഥാർത്ഥ ഭിഷഗ്വരൻ...
"ആയുർവേദം വെറുമൊരു ചികിത്സാരീതിയിലൊതുങ്ങുന്നില്ല. ജീവിതത്തിന്റെ സമഗ്ര ദർശനമാണത്. പ്രകൃതിബോധത്തിന്റെ സിദ്ധാന്തം... സന്തുലനത്തിന്റെ വ്യാകരണം... അതിന്റെ യഥാർത്ഥ പ്രയോക്താവാകുക എന്നാൽ അതിന്റെ ആഴങ്ങൾ എത്തിപ്പിടിക്കുകയും അതിൽ ജീവിക്കുകയും വിനയത്തോടെ, വിവേകത്തോടെ, വിട്ടുവീഴ്ചയില്ലാത്ത സേവനത്തിന് തയ്യാറാവുകയും ചെയ്യുക എന്നാണർത്ഥം"
2. ആഴത്തിൽ അടിത്തറ പണിയുക
ആയുർവേദത്തെ അതിന്റെ യഥാർത്ഥ സത്തയിൽ സ്വാംശീകരിക്കുക എന്നതാണ് നിങ്ങളുടെ കർത്തവ്യം. അതിന് സമഗ്രതയില്ലാത്ത ആധുനിക ശാസ്ത്രത്തിന്റെ വഴികളല്ല, ആയുർവേദത്തിന്റെ മൗലികമായ, അതിവിപുലമായ, ജ്ഞാനസിദ്ധാന്തങ്ങളും സങ്കേതങ്ങളുമാണ് പിൻപറ്റേണ്ടത്. അവ അപ്രസക്തങ്ങളോ അവ്യക്തങ്ങളോ ആയ ആശയങ്ങളല്ല, മറിച്ച് പ്രവർത്തനക്ഷമങ്ങളായ സിദ്ധാന്തങ്ങളാണ്. പക്ഷേ, അവയുമായി ഉൾപ്പൊരുത്തം സ്ഥാപിച്ചെടുക്കുമ്പോൾ മാത്രമേ അവ പ്രയോജനകരമാകുകയുള്ളൂ.
ശരിയാണ്, നിങ്ങൾ പരീക്ഷകളെല്ലാം പാസ്സായിരിയ്ക്കുന്നു. പക്ഷേ, ഒരു തത്വാന്വേഷിയായി ശാസ്ത്രത്തിലേക്ക് ഇനിയുമേറെ ഇറങ്ങിച്ചെല്ലുക. ശാസ്ത്രവും ജീവിതവും വേർപിരിച്ചു വച്ചിട്ടില്ലാത്ത ഗുരുവര്യന്മാരിൽനിന്ന് ഇനിയും പഠിക്കുക. മൗലികമായ ശാസ്ത്രവിചാരം നടത്താൻ പരിശീലിക്കുക. ഭയമൊഴിഞ്ഞ് ചോദ്യങ്ങളുയർത്തുവാൻ തയ്യാറാകുക
3. ജീവിതം സ്വാദ്ധ്യായനിരതമാക്കുക
എന്നും പഠിച്ചു കൊണ്ടേയിരിക്കുക. ചരകമോ സുശ്രുതമോ അഷ്ടാംഗഹൃദയമോ സംഗ്രഹമോ... -ഗ്രന്ഥം ഏതുമാകട്ടെ. അതിലൊന്നിനെ നിങ്ങളുടെ പഠനത്തിന്റെ ആണിക്കല്ലായി സ്വീകരിക്കുക. ഏത് തിരക്കിനിടയിലും നിങ്ങളുടെ സ്വാധ്യായ ഗ്രന്ഥത്തിലൂടെ സഞ്ചരിച്ചുകൊണ്ടേയിരിക്കുക. ഓരോ തവണ വായിക്കുമ്പോഴും കൂടുതൽ ആഴമുള്ള അറിവുകൾ വെളിപ്പെട്ടുകൊണ്ടേയിരിക്കും.
"ഓരോ തവണ തിരിച്ചു ചെല്ലുമ്പോഴും പുതിയ പ്രതിബിംബങ്ങളെ കാട്ടിത്തരുന്ന ഒരു പുഴയെപ്പോലെ..."
4. പണിയായുധങ്ങൾ തേച്ചുമിനുക്കുക
ദ്രവ്യങ്ങളെ - അത് ആഹാരമോ ഔഷധമോ ആകട്ടെ- നിരന്തരം പഠിച്ചുകൊണ്ടിരിക്കുക. ഗ്രന്ഥങ്ങൾക്കുപുറമേ സ്വന്തം ഇന്ദ്രിയങ്ങളെക്കൊണ്ട്, ജീവത്തായ പരിസര നിരീക്ഷണങ്ങളെക്കൊണ്ട്, അവയുടെ രസഗുണവീര്യാദികൾ ബോധ്യപ്പെടുക.
കൃത്യതയുള്ള, ഫലപ്രാപ്തിയുള്ള, ചെറിയ ഔഷധയോഗങ്ങൾ ഉപയോഗിക്കാൻ സ്വയം പരിശീലിക്കുക. പ്രാദേശികമായി ലഭിക്കുന്ന ഔഷധദ്രവ്യങ്ങൾക്കാകണം മുൻഗണന. നിങ്ങളുടെ കുറിപ്പടികൾ യുക്തിയുക്തവും ശാസ്ത്രനിഷ്ഠവും ചിലവു കുറഞ്ഞതും ആകണം. അതിൽ അനാവശ്യമായി കച്ചവടം കലരരുത്.
"ആഴത്തിലറിവില്ലാത്ത ഒന്നിനെ നിങ്ങൾക്ക് ചികിത്സയിൽ പ്രയോജനപ്പെടുത്താനാവില്ല"
5. തെളിവുണ്ടാക്കാൻ കുതിക്കും മുമ്പേ ശാസ്ത്രാവഗാഹം നേടുക
സയൻസ് കൊണ്ട് വിലയിരുത്തുക എന്നത് പ്രധാനപ്പെട്ടതാകാം, അല്ലായിരിക്കാം. അതെന്തായാലും നിങ്ങളുടെ ഇപ്പോഴത്തെ ശ്രദ്ധ ആയുർവേദത്തെ മറ്റുള്ളവർക്ക് വേണ്ടി തെളിയിച്ചു കാണിക്കുക എന്നതിലാകരുത്. അത് സയൻസ് കൈകാര്യം ചെയ്യുന്നവർ നോക്കട്ടെ. നിങ്ങൾ ഇപ്പോൾ ശ്രദ്ധിക്കേണ്ടത് മറ്റുചിലതിലാണ്. ശാസ്ത്രം സത്യസന്ധമായി പഠിയ്ക്കുക, യുക്തിപൂർവ്വം പ്രയോഗിക്കുക, രോഗസന്ദർഭങ്ങൾക്കൊത്ത് ഗ്രന്ഥങ്ങളിലെ യുക്തികൾ പിന്തുടർന്ന് വിവേകശാലിയായി അതിനെ നിത്യനൂതനമാക്കുന്നതെങ്ങനെയെന്ന് മനസ്സിലാക്കുക.
"ആയുർവേദം വളരേണ്ടത് അതിനകത്ത് നിന്നു തന്നെയുള്ള പ്രയത്നങ്ങളെ കൊണ്ടാണ്, പുറത്തുനിന്നുള്ള അംഗീകാരങ്ങൾക്ക് പുറകെ പാഞ്ഞുകൊണ്ടല്ല"
6. നാട്ടിൽ വേരുകളുണ്ടാക്കുക
ആയുർവേദം വളർന്നതും വലുതായതും ഭാരതത്തിലെ നാട്ടിൻപുറങ്ങളിലും ചെറു ഗ്രാമങ്ങളിലും കുടുംബങ്ങളിലുമാണ് . അവിടങ്ങളിലേക്ക് മടങ്ങാൻ തയ്യാറാവുക. നിങ്ങളുടെ ഗ്രാമത്തിൽ, പഞ്ചായത്തിൽ, മുൻസിപ്പാലിറ്റിയിൽ സേവനം ചെയ്യുക. നാട്ടിലെ ആരോഗ്യ പ്രശ്നങ്ങളിൽ ഫലപ്രദമായ, സാമ്പത്തിക ഭാരമില്ലാത്ത പരിഹാരങ്ങൾ നിർദ്ദേശിക്കുക. ഭക്ഷണശീലങ്ങൾ, ശുചിത്വം, ദഹനപ്രശ്നങ്ങൾ, സ്ത്രീകളുടെ ആരോഗ്യം, ശിശു പരിപാലനം, എന്നിങ്ങനെ പ്രസക്തവും പ്രാഥമികവുമായ മേഖലകളിൽ പ്രവർത്തിക്കുക. ചികിത്സയിൽ മാത്രമല്ല, പ്രതിരോധത്തിലും ശ്രദ്ധയൂന്നുക.
"അടിത്തട്ടിൽ സേവനമനുഷ്ഠിക്കുന്ന നൂറു വൈദ്യന്മാർക്ക് ധനസഹായം വാങ്ങി നടത്തുന്ന ആയിരം മരുന്ന് പരീക്ഷണങ്ങളേക്കാൾ കൂടുതൽ കാര്യങ്ങൾ ചെയ്യാനാകും"
7. പ്രൊഫഷണലിസത്തിൻ്റെ അതിപ്രസരത്തിന് തടയിടുക, സേവനത്തിലേക്ക് തിരിച്ചെത്തുക
ആയുർവേദം വിറ്റു തീർക്കാനുള്ളതല്ല. അത് ഒരു ആഡംബര വസ്തുവുമല്ല. നിങ്ങളൊരു വില്പനക്കാരനാകരുത്. ഏതെങ്കിലും ഉത്പന്നത്തിന്റെ ബ്രാൻഡ് അംബാസഡറും ആകരുത്. നിങ്ങൾ രോഗം ശമിപ്പിക്കാൻ ശേഷിയുള്ള, വിവേകശാലിയായ, ദുരിതമനുഭവിക്കുന്നവനോട് പരിഗണനയുള്ള, അവരുടെ അഭിമാനത്തിന് ഇടം നൽകുന്ന, ഒരു വൈദ്യനാണ്.
"സമ്പത്ത് സേവനത്തിനും സമർപ്പണത്തിനും പുറകെ സ്വാഭാവികമായും വന്നുകൊള്ളും. അത് മറിച്ചാണെന്ന് കരുതാതിരുന്നാൽ മതി"
8. എഴുതുക, പറയുക, ചിന്തിക്കുക - ആയുർവേദത്തിന്റെ തനതു ഭാഷയിൽ
ആയുർവേദത്തെ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുകയല്ല, ലോകത്തെ ആയുർവേദത്തിലേക്ക് പരിഭാഷപ്പെടുത്തുകയാണ് വേണ്ടത്. ലോകത്തോട് ദോഷസിദ്ധാന്തത്തെപ്പറ്റി സംസാരിയ്ക്കുക. നിങ്ങൾ ഗുണത്തിന്റെയും രസത്തിന്റെയും ഭാഷയിൽ ആലോചിക്കുക, ശരിയായ രോഗ-രോഗീ പരീക്ഷകളിലൂടെ രോഗ നിർണ്ണയം നടത്തുക. നിജ-ആഗന്തുക്കളെ തിരിച്ചറിഞ്ഞ്, ക്രിയാകാലങ്ങളാലോചിച്ച്, രോഗമാർഗ്ഗങ്ങളറിഞ്ഞ്, യുക്തി പ്രയോഗിച്ച് ചികിത്സിക്കുക.
"ആയുർവേദമെന്നത് ഒരു പഴയ ഭാഷയല്ല, മറിച്ച് ചൈതന്യമുള്ളൊരു ചിന്താസരണിയുടെ വീണ്ടെടുപ്പാണ്"
9. ഈ അഗ്നിയെ മുന്നോട്ടുകൊണ്ടുപോകുക
ബോധ്യത്തോടെ, തെളിമയോടെ, സേവന മനസ്സോടെ നിങ്ങൾ നിറഞ്ഞു കത്തിയാൽ നിശ്ചയമായും മറ്റുള്ളവരിലേക്കും ആ തീ പകരുക തന്നെ ചെയ്യും. ആയുർവേദത്തിന്റെ ഭാവി നിർമ്മിച്ചെടുക്കുക ചില്ലിട്ട പരീക്ഷണശാലകളിലോ പഞ്ചനക്ഷത്ര ആശുപത്രികളിലോ അല്ല, മറിച്ച്, സാധാരണക്കാരന്റെ വീടുകളിലും സത്യസന്ധമായി പ്രവർത്തിക്കുന്ന ചെറിയ ക്ലിനിക്കുകളിലും പ്രാദേശിക വനവിഭവങ്ങൾ ഉപയോഗപ്പെടുത്തുന്ന ചെറു ഫാർമസികളിലും പ്രാദേശികമായി നടക്കുന്ന പൊതുജനാരോഗ്യ പ്രവർത്തനങ്ങളിലും ആണ്.
"തങ്ങളെന്തിനു വേണ്ടി നിലകൊള്ളുന്നു എന്ന് കൃത്യമായി ബോധ്യമുള്ള നിങ്ങളെ പോലുള്ളവരുടെ ആത്മവിശ്വാസമാണ് ഇതിൽ ഏറ്റവും പ്രധാനമാകാൻ പോകുന്നത്"
10. സാങ്കേതിക വിദ്യയെ ഉപയോഗിക്കുക - അതിന് അടിമപ്പെടാതെ
ഗവേഷണത്തിനും ആശയ വിനിമയത്തിനും രോഗരോഗീപരീക്ഷകൾക്കും വിവരസമാഹരണത്തിനുമെല്ലാം പുതിയ കാലത്തെ സാങ്കേതിക വിദ്യകളെ ചടുലതയോടെ ഉപയോഗപ്പെടുത്തുക. എന്നാൽ സ്വന്തം ഇന്ദ്രിയങ്ങളുടെ അളവറ്റ ശേഷികൾ പണയം വയ്ക്കരുത്. അവയെ നിരന്തരം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുക.
"സാങ്കേതിക വിദ്യയുടെ ഉടമയാകാം- അടിമയാകരുത്"
അചഞ്ചലമായ ഒരു പ്രതിജ്ഞ
"എല്ലാ അർത്ഥത്തിലും ഒരു വൈദ്യനായിത്തീരാൻ ഞാൻ കഠിനമായി പരിശ്രമിക്കും,
മറ്റൊന്നിനെ അനുകരിക്കാതെ,
വ്യാപാരിയായല്ലാതെ,
തികച്ചും സാർത്ഥകമായി,
ശാസ്ത്രത്തിലാഴ്ന്ന്,
രോഗികളിൽ ജാഗ്രതയോടെ,
സത്യസന്ധനായി,
ഞാൻ പ്രവർത്തിക്കും.
ആയുർവേദത്തെ കുറിപ്പടിയിൽ മാത്രമൊതുക്കാതെ, എന്റെ ജീവിതത്തിൽ ഞാൻ ഏറ്റെടുക്കും"
--------------------------------------------------------------------------------------------------------------------------------
"ഉയർന്നുയരുന്ന നിങ്ങളിലെ യുവവൈദ്യന് സർവ്വ മംഗളങ്ങളും നേരുന്നു"
(2025 ആഗസ്റ്റ് ലക്കം പാഠഭേദം മാസികയിൽ പ്രസിദ്ധീകരിച്ചത്)
Comments