തല ഉയർത്തിനിൽക്കാൻ ഒരു വാഗ്ദാനം, എന്റെ യുവ വൈദ്യ സുഹൃത്തുക്കൾക്ക്
ഈ ഓണക്കാലത്ത് യുവാക്കളായ വൈദ്യ സുഹൃത്തുക്കളോട് പറയാൻ എന്താണ് കൈവശം ഉള്ളത്? ഇതായിരുന്നു കഴിഞ്ഞ കുറേ ദിവസങ്ങളിലെ എന്റെ ചിന്ത. അതിൽനിന്നും ഉയർന്നതാണ് ഈ കുറിപ്പ്.
ഓണം മലയാളിയുടെ ദേശീയോത്സവമാണ്. വലിയ സാംസ്കാരിക മാനങ്ങളുള്ള ഒരാഘോഷം. മാനുഷരെല്ലാരും ഒരുപോലെ കഴിഞ്ഞിരുന്ന ഏതോ ഒരിന്നലെയുടെ നനുത്തത്തും ഗൃഹാതുരത്വം നിറഞ്ഞതുമായ ഒരു തലോടൽ. എന്നാൽ ഇതിനുമപ്പുറത്ത് മറ്റുചിലതും ഓണസങ്കൽപങ്ങളിൽ ഒളിഞ്ഞിരിപ്പുണ്ട്. അവ തേടിയാണ് ഈ കുറിപ്പിലെ സഞ്ചാരങ്ങളത്രയും. അതിനൊപ്പം നടക്കാനാണ് ഞാൻ എന്റെ യുവവൈദ്യ സുഹൃത്തുക്കളെ ക്ഷണിക്കുന്നത്.
പാടിയാടപ്പെടുന്ന ഈ പുരാവൃത്തത്തിന്റെ രംഗപടത്തിനു പുറകിൽ അത്യുജ്ജ്വലമായ ഉള്ളുറപ്പിന്റെ ഒരു ചിഹ്നം പതിഞ്ഞുകിടക്കുന്നുണ്ട്. അത് മഹാബലിയെന്ന അസുരരാജാവിന്റെ ചപലതയറ്റ ബോധ്യങ്ങളുടേതാണ്. മങ്ങിപ്പോവാത്ത മധുരസ്മരണയായി ഈ അസുരരാജൻ ഇന്നും നിറഞ്ഞുനിൽക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. മഹാബലി നാടുവാണത് അധികാരമോ ആയുധമോ ഉയർത്തിക്കാട്ടിയല്ല, മറിച്ച് നീതിയും കരുണയും മുൻനിർത്തിയായിരുന്നു എന്ന് കരുതാൻ നിശ്ചയമായും ന്യായമുണ്ട്. കീഴടക്കലുകളല്ല, കരുതലുകളായിരുന്നിരിക്കണം അദ്ദേഹത്തെ ജനപ്രിയനാക്കിയത്. പ്രജകളുടെ കണ്ണിൽ അദ്ദേഹം കരുത്തിന്റെ, അതിലേറെ സമഭാവനയുടെ, കാരുണ്യത്തിന്റെ, പ്രതിബിംബമായിരുന്നിരിക്കണം.
മൂന്നടി ഇടം ചോദിച്ചെത്തിയ വാമനന് മഹാബലി അതു നൽകാനേറ്റത് രണ്ടാമതോന്നാലോചിക്കാതെ ആയിരുന്നല്ലോ. തുടർന്ന് ആദ്യത്തെ രണ്ടടികൾക്ക് മണ്ണും വിണ്ണും തീരും മട്ടിൽ ബാലനായ വാമനൻ പാർവതസമാനനായപ്പോൾ അദ്ദേഹത്തിന് അതിലെ ചതി മണത്തിരിക്കണം. എന്നാൽ അദ്ദേഹം ഖിന്നനായില്ല. മറിച്ച് തികഞ്ഞ ഉള്ളുറപ്പിൽ ശിരസ് കാട്ടിക്കൊടുത്തു, വാഗ്ദത്തമായ മൂന്നാംചുവടിനു വേണ്ടി. പ്രതിജ്ഞയുടെ ഉള്ളുറപ്പുള്ള ആ വിനമ്രതയിലാണ് ഓണമെന്ന പുരാവൃത്തത്തിലെ ഏറ്റവും ധർമ്മസാന്ദ്രമായ നിമിഷം പിറന്നു വീണത്. സകലതും ഊർന്നൊലിച്ചുപോകുന്ന നിമിഷത്തിലും ഉലയാതെ നിൽക്കാമെന്ന നിശ്ചയത്തിൻ്റെ കാലാതിവർത്തിയായ ഒരു പ്രതിധ്വനി !
ഓരോ യുവ വൈദ്യനുമുണ്ട് അന്യാദൃശമായ ഒരോണച്ചിത്രം, തൻ്റെ മനസ്സിന്റെ ആഴങ്ങളിൽ.
ആയുർവേദത്തിലൂടെ സഞ്ചലിയ്ക്കുന്ന ഏതൊരു യുവ വൈദ്യനേയും ഓണം ചിലതെല്ലാം ഓർമ്മിപ്പിക്കേണ്ടതുണ്ട്. എന്തു കൊണ്ടെന്നാൽ മഹാബലിയെപ്പോലെ അയാളും ചിലത് ഉള്ളുറപ്പോടെ സ്വീകരിച്ചിരിക്കുന്നു. ആരുടേയും നിർബന്ധങ്ങളില്ലാതെ അയാൾ സ്വയമേ ഒരു വാഗ്ദാനം നൽകിയിരിക്കുന്നു. വൈദ്യനെന്ന പദവിയോട് കേവലമായ കൂറ് പുലർത്തുക എന്നതാണ് ആ വാഗ്ദാനത്തിന്റെ സാരം.
യൗവനത്തിന്റെ നിറവിലുള്ള എന്റെ വൈദ്യസുഹൃത്തേ, നിങ്ങൾ എന്തിൽ നിയുക്തനായിരിക്കുന്നു എന്ന് തിരിച്ചറിയുക. അതിൽ പ്രവർത്തിച്ച്, അതുമായി തന്മയപ്പെട്ട്, അതിന്റെ അസാധാരണമായ ശമന സാധ്യതകളെ സ്വായത്തമാക്കുക.
പരീക്ഷണങ്ങളൊഴിഞ്ഞതാകും നിങ്ങളുടെ പഥവും പാഥേയവും എന്ന് കരുതരുത്. അതാണ് മഹാബലി ഓർമ്മിപ്പിക്കുന്നതും.
വഴിയിലാകെ പ്രലോഭനങ്ങളായിരിക്കും -
- നിങ്ങളുടെ അറിവുകളേയും അനുഭവങ്ങളേയും ശാസ്ത്രീയതയ്ക്കായി പണയം വയ്ക്കാൻ ...
- 'സൗഖ്യ വ്യാപാരി'യായി വിപണിയിലേയ്ക്കിറങ്ങാൻ ...
- ശാസ്ത്ര ചിന്തയെ പുറംതള്ളി സിദ്ധികൾക്കുള്ള കുറുക്കു വഴികൾ തേടാൻ...
- ധർമ്മത്തെ മറന്ന് സമ്പത്തിനു പുറകേ പായാൻ...
- വൈദ്യഭാഷയ്ക്കുപകരം വൈശ്യഭാഷ സംസാരിക്കാൻ ...
ഈ പ്രലോഭന വേളകളിലെല്ലാം ഉള്ളിലെ മഹാബലി നിങ്ങൾക്ക് വഴി കാട്ടിയാകട്ടെ.
നിങ്ങളുടെ നിലപാടുകളെ, നിശ്ചയങ്ങളെ, പരസ്യമായി വിളംബരം ചെയ്യുക. അത് ഒരു ചക്രവർത്തിയുടെ നിലയേക്കാൾ തെല്ലും താഴെയല്ല. അവ നിങ്ങളെ നിരന്തരം ജഗരൂകനാക്കിക്കൊണ്ടേയിരിക്കും -
- പരീക്ഷാവിജയങ്ങൾക്കപ്പുറത്ത് ശാസ്ത്രത്തിന്റെ ആഴങ്ങൾ തേടിയലയാൻ...
- ചികിത്സയിലും ദ്രവ്യപരിചയത്തിലും നൈപുണ്യം വർദ്ധിപ്പിച്ചു കൊണ്ടേയിരിക്കാൻ..
- തന്റെ ചുറ്റുവട്ടങ്ങളിൽ, ഗ്രാമനഗരഭേദമന്യേ, നിരന്തരമായി ഇടപെട്ടുകൊണ്ടിരിക്കാൻ..
- തന്റെ ഉൾക്കാഴ്ചകളെ ആധാരശിലകളാക്കി ശാസ്ത്രത്തിന്റെ തനതുഭാഷയിൽ സംസാരിക്കുവാൻ...
- ഗുണമേന്മയും സേവനസന്നദ്ധതയുമാണ് സമ്പത്തിനു മുമ്പേ നിൽക്കേണ്ടത് എന്ന് ഉറപ്പിക്കാൻ...
- ഇന്ദ്രിയ ശേഷികളെ സാങ്കേതികവിദ്യകൾക്കടിയറവയ്ക്കാതെ നോക്കാൻ ...
- ഇവയ്ക്കെല്ലാം പുറമെ ഒരു തൊഴിലായിരിക്കുമ്പോൾത്തന്നെ ആയുർവേദം സ്വന്തം ജീവനരീതികൂടിയായി സ്വീകരിക്കാൻ.
ഈ ഓണം നിങ്ങളുടെ നിശ്ചയങ്ങളെ തൊട്ടുണർത്തുക തന്നെ വേണം.
നിങ്ങളുടെ സ്വകാര്യ സങ്കൽപങ്ങളിൽ ഈ ഓണം പരിവർത്തനത്തിന്റെ ഒരാഘോഷമാകണം. മഹാബലിയെപ്പോലെ ഈ ഓണക്കാലത്ത് നിങ്ങൾ വലിയ ബോധ്യങ്ങളിലുറച്ചു നിൽക്കണം. ചുമതലകളേൽക്കാൻ ചുമലുകൾക്ക് കരുത്തുണ്ടാകണം. നിങ്ങളുടെ ഹൃദയം ആയുർവേദത്തിൽ മിടിക്കണം. നിങ്ങളുടെ സഞ്ചാരങ്ങളെ ശാസ്ത്രവും സ്വാധ്യായവും സേവനവും പ്രോജ്ജ്വലമാക്കണം.
അങ്ങനെയാണ് പുരാവൃത്തങ്ങൾക്ക് പുനർജനിയേകേണ്ടത്, കഥകൾക്കും കൂട്ടു ചേരലുകൾക്കുമൊപ്പം അവയിലെ മൂല്യബോധങ്ങളെ സ്വന്തം ജീവിതത്തിൽ ചേർത്തുവച്ചുകൊണ്ട് .
എന്റെ യുവ വൈദ്യ സുഹൃത്തേ, നിങ്ങൾക്ക് ഊഷ്മളമായ ഓണാശംസകൾ നേരട്ടെ...
(2025 ആഗസ്റ്റ് ലക്കം ഔഷധം)
Comments